ഉയര്‍ന്നതോതില്‍ ഇരുമ്പിന്‍റെ അംശം: ശാസ്താംകോട്ടയില്‍ പമ്പിംഗ് നിര്‍ത്തി

By Web DeskFirst Published May 22, 2018, 9:16 AM IST
Highlights
  • ശാസ്താംകോട്ടയില്‍ പമ്പിംഗ് നിര്‍ത്തി
  • കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
     

കൊല്ലം: ശാസ്താകോട്ട തടാകത്തിലെ വെള്ളത്തില്‍ ഉയര്‍ന്ന തോതില്‍ ഇരുമ്പിന്‍റെ അംശം കണ്ടെത്തിയതോടെ കൊല്ലം നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം  നിര്‍ത്തിവച്ചു. ഇരുമ്പിന്‍റെ സാന്നിധ്യത്തെക്കുറിച്ച് പരിശോധന നടത്താൻ കോഴിക്കോട് നിന്ന് വിദഗ്ധ സംഘം എത്തും.

തടാകത്തില്‍ നിന്ന് വിതരണം ചെയ്ത വെള്ളത്തില്‍ നിറവ്യത്യാസം കാണുകയും നേരിയ പാട രൂപപ്പെടുകയും ചെയ്തതോടെയാണ് ജലവിഭവ വകുപ്പ് പരിശോധന നടത്തുകയും അസാധാരണമായ തോതില്‍ ഇരുമ്പിന്‍റെ അംശം കണ്ടെത്തുകയും ചെയ്തത്. ലിറ്ററില്‍ 0.6 മില്ലിഗ്രാം ഇരുമ്പിന്‍റെ അംശമാണ് കണ്ടെത്തിയത്. കുടിവെള്ളത്തില്‍ 0.3 മില്ലി ഗ്രാമേ ഉണ്ടാകാവൂ എന്നാണ് കണക്ക്.

ഇതേത്തുടര്‍ന്ന് ജലവിതരണം നിര്‍ത്തി.  പ്രതിദിനം 44 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് കൊല്ലം നഗരത്തിലേക്കും ചവറ, പന്മന തുടങ്ങിയ പ്രദേശങ്ങളിലേക്കും ശാസ്താംകോട്ടയില്‍ നിന്ന് വിതരണം ചെയ്തിരുന്നത്. കല്ലട ജലസേചന പദ്ധതിയില്‍ നിന്നുള്ള വെള്ളമാണ് ഇപ്പോള്‍ ആശ്രയം. 

തിരുവന്തപുരത്തും കോഴിക്കോടും വെള്ളത്തിന്‍റെ സാംപിള്‍ അയച്ച് പരിശോധന നടത്തിയെങ്കിലും ഇരുമ്പിന്‍റെ അംശം വര്‍ദ്ധിക്കാനുള്ള കാരണം കണ്ടെത്താനായില്ല. കോഴിക്കോട്ടെ സെന്‍റര്‍ ഫോര് വാട്ടര്‍ റിസോഴ്സിലെ അഞ്ചംഗ സംഘമാണ് തടാകത്തിലെ വെള്ളത്തിന്‍റെ രൂപമാറ്റത്തെക്കുറിച്ച് വിശദമായ പഠനം നടത്തുക. മുള്ളന്‍ പായലുകള്‍ ശാസ്താംകോട്ട കായലില്‍  വളരുന്നത് ഇവിടത്തെ ആവാസ വ്യവസ്ഥ തകിടം മറിക്കുമെന്നാണ് ആശങ്ക. 

click me!