ആലപ്പുഴയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം

Web Desk |  
Published : May 27, 2018, 11:06 PM ISTUpdated : Oct 02, 2018, 06:31 AM IST
ആലപ്പുഴയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം

Synopsis

ആലപ്പുഴയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം

ആലപ്പുഴ: കാലവര്‍ഷത്തിന് മുന്‍പ് തുടങ്ങിയ അതിശക്തമായ കടലേറ്റത്തില്‍ ജില്ലയിലെ തീരപ്രദേശങ്ങള്‍ ദുരിതത്തില്‍. കടലേറ്റം രൂക്ഷമായ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ തീരത്ത് തകര്‍ന്ന് തുടങ്ങിയ പത്തോളം വീടുകള്‍ പൊളിച്ചുമാറ്റി. നിരവധിപേരെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്കും മാറ്റി. നീര്‍ക്കുന്നം എസ് ഡി വി ഗവണ്‍മെന്റ് യു പി സ്‌കൂളിലാണ് ദുരിതാശ്വാസ ക്യംപ് തുറന്നത്. പ്രദേശത്ത് നിരവധി സ്ഥലങ്ങളില്‍ കടല്‍ഭിത്തിയില്ല. ഉണ്ടായിരുന്ന ഭിത്തി ഇടിഞ്ഞു താഴ്ന്നിട്ടുമുണ്ട്. പുന്നപ്ര ഫിഷ്‌ലാന്റിംഗ് സെന്റര്‍ കടലേറ്റത്തില്‍ തകര്‍ച്ചയിലാണ്. തിരമാലകള്‍ ഇവിടെ തീരം കവര്‍ന്നെടുത്തു. കടല്‍ ഫിഷ്‌ലാന്റിംഗ് സെന്ററിലെ ലേലഹാളിന്റെ തൊട്ടടുത്ത് വരെയെത്തി. മണ്‍സൂണ്‍ മുന്നില്‍കണ്ട് പ്രതിരോധ നടപടികള്‍ തുടങ്ങാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു തീരപ്രദേശത്ത് ദുരിതത്തിന് ആക്കം കൂടിയത്. 

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡില്‍ നീര്‍ക്കുന്നം വിഷ്ണുഭവനില്‍ ചന്ദ്രബാബു, പുതുവല്‍ ഷാജി, പുതുവല്‍ മുരളീധരന്‍, തറയില്‍ ദിനേശന്‍, പുതുവല്‍ കമ്പിയില്‍ ഓമനക്കുട്ടന്‍, 17-ാം വാര്‍ഡില്‍ വണ്ടാനം പുതുവല്‍ രതീഷ്, പുതുവല്‍ സബിതാ രാജേഷ്, പഴുപ്പാറയില്‍ കുഞ്ഞുമോന്‍ എന്നിവരുടെ വീടുകളാണ് കടലാക്രമണത്തെ തുടര്‍ന്ന് പൊളിച്ചുനീക്കിയത്. 17, 1 വാര്‍ഡുകളില്‍ വീടുകള്‍ തകര്‍ന്ന കുടുംബങ്ങള്‍ വണ്ടാനം, റെയില്‍വേ പുറമ്പോക്കില്‍ ഷെഡുകെട്ടി അവിടേയ്ക്ക് മാറി. തുറവൂര്‍ മേഖലയില്‍ കാറ്റുംകോളും കനത്തതോടെ കടലേറ്റം രൂക്ഷമായി. മീന്‍ പിടിക്കാന്‍ വള്ളങ്ങള്‍ കടലില്‍ ഇറക്കാതായി. ഒറ്റമശ്ശേരിയിലാണ് കൂടുതല്‍ ദുരിതമുള്ളത്. ഒറ്റമശ്ശേരിയില്‍ പള്ളിപ്പറമ്പില്‍ മനോജ്, പള്ളിപ്പറമ്പില്‍ ചിന്നന്‍, കൊച്ചുകടപ്പുറത്ത് ചന്ദ്രമതി, പാണ്ഡ്യാലയ്ക്കല്‍ ജോയി എന്നിവരുടെ വീടുകളും കടലേറ്റ ഭീഷണിയിലാണ്. തിരമാലകള്‍ അടിച്ചുകയറി വീട് മറിയാതിരിക്കാന്‍ മണല്‍ ചാക്കുകള്‍ അടുക്കിയും കല്ലുകള്‍ നിരത്തിയും താല്‍ക്കാലിക പ്രതിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വീടുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 80 മീറ്ററില്‍ കടല്‍ഭിത്തി പണിയാന്‍ ജില്ലാ കലക്ടര്‍ മേജര്‍ ഇറിഗേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചാപ്പക്കടവ് മുതല്‍ തൈക്കല്‍ വരെയുള്ള 12 കിലോമീറ്ററില്‍ കടല്‍ഭിത്തി ഉയര്‍ത്തിപണിയണമെന്ന് ആവശ്യവുമായി ജനങ്ങള്‍ രംഗത്തെത്തി. കാട്ടൂരില്‍ 20 ഓളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. കടല്‍ഭിത്തിയില്ലാത്ത മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 23-ാം വാര്‍ഡിലും കടല്‍ക്ഷോഭം രൂക്ഷമാണ്. കാട്ടൂര്‍, പൊള്ളേത്തൈ തുടങ്ങിയ തീര പ്രദേശങ്ങളിലും ശക്തമായ കടല്‍ക്ഷോഭം മൂലം നിരവധി വീടുകള്‍ ഭീഷണിയിലാണ്. കാട്ടൂര്‍ അറയ്ക്കല്‍ പൊഴിമുതല്‍ വാഴക്കൂട്ടം പൊഴിവരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗത്ത് കടല്‍ഭിത്തി പൂര്‍ണ്ണമായിട്ടില്ല. ഏറെ തീരവും കടലെടുത്തിരിക്കുകയാണ്. കടപുഴകി വീണ തെങ്ങുകള്‍ക്ക് കൃത്യമായ എണ്ണവുമില്ല. തീരപ്രദേശങ്ങളില്‍ പലയിടത്തും കടലാക്രമണ ഭീഷണിയുള്ള കുടുംബങ്ങള്‍ ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. ആകെയുള്ള സമ്പാദ്യമായ കിടപ്പാടം നഷ്ടപ്പെടുമെന്നുള്ള ആശങ്ക തീരവാസികളെ ദുഖത്തിലാഴ്ത്തുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു
ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും