ശബരിമലയില്‍ ഇനി ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷക സമിതി; പൊലീസിന് രൂക്ഷ വിമര്‍ശനം

Published : Nov 27, 2018, 05:15 PM ISTUpdated : Nov 27, 2018, 06:14 PM IST
ശബരിമലയില്‍ ഇനി ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷക സമിതി; പൊലീസിന് രൂക്ഷ വിമര്‍ശനം

Synopsis

ശബരിമലയിലെ പൊലീസ് നടപടികളിൽ സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ശബരിമലയിൽ പൊലീസിന്‍റെ ഏകപക്ഷീയമായ വിലക്കുകൾ റദ്ദാക്കിയ കോടതി പക്ഷേ, നിരോധനാ‍ജ്‌ഞ നിലനിൽക്കുമെന്ന് വ്യക്തമാക്കി. ശബരിമലയിൽ പ്രതിഷേധങ്ങളും കോടതി വിലക്കിയിട്ടുണ്ട്.

കൊച്ചി: ശബരിമലയിലെ  പൊലീസ് നടപടികളിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. ഏകപക്ഷീയമായ പൊലീസിന്‍റെ എല്ലാ വിലക്കുകളും റദ്ദാക്കിയ കോടതി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി മൂന്നംഗ ഉന്നതതല സമിതിയേയും ചുമതലപ്പെടുത്തി. സന്നിധാനത്ത് നിരോധനാജ്ഞ നിലനിൽക്കുമെന്നും ഇവിടെ പ്രതിഷേധങ്ങൾ പാടില്ലെന്നും വ്യക്തമാക്കിയ കോടതി യുവതികൾക്ക് ദർശനം സാധ്യമാക്കാൻ ഏർപ്പെടുത്തിയ സംവിധാനങ്ങൾ അറിയിക്കാനും സർക്കാരിനോട് നിർദേശിച്ചു.

ശബരിമലയിലെ നിലവിലെ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി സ്ഥിതിഗതികൾ വിലയിരുത്തി കൃത്യമായി കോടതിയെ അറിയിക്കുന്നതിനാണ് മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. തിരുവിതാംകൂർ , കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്സ്മാനായ ജസ്റ്റീസ് പി.ആർ രാമൻ, ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷനായ ജസ്റ്റിസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ. 

ഈ മണ്ഡലകാലം മുഴുവൻ ഇവർ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ ശുപാർശകൾ നിർദേശിക്കും. എന്നാൽ സന്നിധാനത്തും പരിസരങ്ങളിലും ഏർപ്പെടുത്തിയ നിരോധനാ‍ജ്ഞ നിലനിൽക്കുമെന്ന് ദേവസ്വം ബെഞ്ച് അറിയിച്ചു. ഏകപക്ഷീയമായ പൊലീസിന്‍റെ എല്ലാ വിലക്കുകളും റദ്ദാക്കിയ കോടതി സന്നിധാനത്ത്  നാമജപം പാടില്ലെന്ന ഉത്തരവും തടഞ്ഞു. 

സ്ത്രീകൾ, കുട്ടികൾ, അംഗപരിമിതർ എന്നിവർക്ക് മാത്രം നടപ്പന്തലിൽ വിരിവയ്ക്കാം. സുപ്രീംകോടതി നിർ‍ദേശപ്രകാരം യുവതികള്‍ ദർശനത്തിന് വന്നാൽ അവർക്കായി എന്ത് ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മുദ്രവെച്ച കവറിൽ സമർപ്പിക്കാനും  സംസ്ഥാന സർക്കാരിനോട് നി‍ർദേശിച്ചു. സന്നിധാനത്ത് പ്രതിഷേധങ്ങൾ വിലക്കിയ കോടതി മാന്യമായി പരിശോധന നടത്താമെന്ന് പൊലീസിനോട് നിർദേശിച്ചു. 

ഹൈക്കോടതി ജഡ്ജിയെപ്പോലും പൊലീസ് തടയുന്ന അവസ്ഥയുണ്ടായി. അപമാനിക്കപ്പെട്ട ജഡ്ജിയുടെ മഹാമനസ്കത കൊണ്ടാണ് ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതിരുന്നത്. ശബരിമലയിൽ ഭക്തർക്ക് ആവശ്യത്തിന് ഭക്ഷണവും വെളളവും ടോയ്‍ലറ്റ് സംവിധാനങ്ങളും ഉറപ്പുവരുത്തണം. പമ്പയിലേക്ക് കെഎസ് ആർടിസി തുടർച്ചയായി സർവീസ് നടത്തണം. 

ശബരിമലയിലെ താമസസൗകര്യങ്ങൾ അടപ്പിച്ചത് ശരിയായില്ല. പൊലീസിൽ കോടതിക്ക് ഇപ്പോഴും വിശ്യാസമാണെന്നും എന്നാൽ ഭക്തരെ  ബുദ്ധിമുട്ടിച്ചുകൊണ്ടാകരുത് നടപടികളെന്നും ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിനെതിരായ ബലാത്സംഗക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന് സണ്ണി ജോസഫ്, 'രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'