
തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി മാതൃകാ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നതിലൂടെ ലക്ഷങ്ങളാണ് അധ്യാപകസംഘടനകള്‍ സ്വന്തമാക്കുന്നത്. ചോദ്യങ്ങള്‍ വിദ്യാഭ്യാസവകുപ്പ് നേരിട്ട് അച്ചടിക്കാനുള്ള നീക്കങ്ങളെല്ലാം സംഘടനകള്‍ യോജിച്ച് അട്ടിമറിക്കാറാണ് പതിവ്. ചോദ്യം അച്ചടിയില്‍ സംഘടനകളുടെ കൈകടത്തലാണ് പലപ്പോഴും വിദ്യാര്‍ത്ഥികളെ കുഴക്കുന്നത്.
ഹയര്‍സെക്കണ്ടറി മാതൃകാ പരീക്ഷയുടേയും അര്‍ദ്ധവാര്‍ഷിക പരീക്ഷകളുടേയും ചോദ്യങ്ങളുടെ അച്ചടിയുടെ കുത്തക വര്‍ഷങ്ങളായ് അധ്യാപക സംഘടനകള്‍ക്കാണ്. ഇടത് സംഘടനകളായ കെ എസ് ടി എ പ്രതിപക്ഷ സംഘടനകളായ കെ എച്ച് എസ് ടി എ, എച്ച് എസ് ടി എ, എച്ച് എസ് എസ് ടി എ എന്നിവര്‍ സ്‌കൂളുകള്‍ വീതം വെച്ചെടുത്ത് അച്ചടിയിലൂടെ സ്വന്തമാക്കുന്നത് ലക്ഷങ്ങള്‍. ഒരു സ്‌കൂളില്‍ നിന്നും ഒരു ടേം പരീക്ഷക്ക് മാത്രം വിദ്യാര്‍ത്ഥികളുടേയും ബാച്ചുകളുടേയും എണ്ണമനുസരിച്ച് ആറായിരം മുതല്‍ പതിനേഴായിരം വരെ സംഘടനകളുടെ പോക്കറ്റിലെത്തും. ശരിക്കും അതാത് പ്രിന്‍സിപ്പല്‍മാര്‍ ചോദ്യം അച്ചടിച്ച് പരീക്ഷ നടത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അച്ചടി സ്‌കൂളില്‍ സ്വാധീനമുള്ള സംഘടനകള്‍ക്ക് പ്രിന്‍സിപ്പല്‍മാര്‍ നല്‍കുന്നു, വിദ്യാഭ്യാസവകുപ്പ് കണ്ണടക്കുന്നു. 2014ല്‍ അച്ചടി ഹയര്‍സെക്കണ്ടറി വകുപ്പും എസ് സി ഇ ആര്‍ ടിയും ഏറ്റെടുത്ത് നടത്താന്‍ ധാരണയായെങ്കിലും സംഘടനകള്‍ അട്ടിമറിച്ചു.
ഇത്തവണ പ്ലസ് വണ്‍ ജ്യോഗ്രഫിയില്‍ ആവര്‍ത്തിച്ചത് കെ എസ് ടി എയുടെ മാതൃകാ പരീക്ഷാ ചോദ്യങ്ങള്‍. മാതൃകാ പരീക്ഷാ ചോദ്യങ്ങള്‍ പൊതുപരീക്ഷയില്‍ വരുന്നത് അടുത്ത വര്‍ഷത്തെ അച്ചടിക്കരാര്‍ നേടാനുള്ള മികവായും സംഘടനകള്‍ ഉയര്‍ത്തിക്കാട്ടാറുണ്ട്. പൊതുപരീക്ഷക്കുള്ള ചോദ്യം തയ്യാറാക്കുന്ന അധ്യാപകരെ ചാക്കിട്ട് പിടിച്ചാണ് പല സംഘടനകളും മാതൃകാ ചോദ്യങ്ങളുണ്ടാക്കുക. മുടക്കേണ്ട തുകയുടെ കണക്ക് പറഞ്ഞാണ് പലപ്പോഴും അച്ചടി ഏറ്റെടുക്കാന്‍ സര്‍ക്കാറുകള്‍ മടിക്കുന്നത്. എന്നാല്‍ സംഘടനകളുടെ അച്ചടി നിയന്ത്രിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത പരീക്ഷണമാകുന്ന പരീക്ഷകള്‍ ഇനിയും ആവര്‍ത്തിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam