കൽപറ്റയിൽ ഗണേഷ് കുമാറിനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ നേരിയ സംഘർഷം ഉടലെടുത്തു. കോഴിയെയും കയ്യിൽ എടുത്തായിരുന്നു യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

വയനാട്: മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. കൽപറ്റയിൽ ഗണേഷ് കുമാറിനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ നേരിയ സംഘർഷം ഉടലെടുത്തു. കോഴിയെയും കയ്യിൽ എടുത്തായിരുന്നു യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കെഎസ്ആർടിസി ബസ് തടഞ്ഞ പ്രവർത്തകർ, മന്ത്രിയുടെ കോലവും കത്തിച്ചു. സ്ഥലത്ത് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയായി. ബസ് തടഞ്ഞ പ്രവർത്തകരെ നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കിയത്. കൽപ്പറ്റയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരത്തും പത്തനാപുരത്തും ഗണേഷ് കുമാറിനെതിരെ പ്രതിഷേധ മാർച്ച് നടന്നു. തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഗതാഗതമന്ത്രിക്ക് പ്രതീകാത്മക വന്ധീകരണ കുത്തിവയ്പ്പ് നൽകി കൊണ്ടായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ഗണേഷ് കുമാറിൻ്റെ ഓഫീസിലേക്കുള്ള ബിജെപി മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഗണേഷ് കുമാറിന്‍റെ മണ്ഡലമായ പത്തനാപുരത്തും പ്രതിഷേധം ഉടലെടുത്തു. കെ എസ് യു കെഎസ്ആർടിസി ബസ് തടഞ്ഞ് ബാനർ കെട്ടി. കാലൻകോഴി പത്തനാപുരത്തിന് വേണ്ടെന്നെഴുതിയ ബാനറാണ് കെട്ടിയത്. കെ എസ് യു പ്രവർത്തകർ പത്തനാപുരം കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ ബസുകൾ തടഞ്ഞു. പത്തനാപുരത്ത് മന്ത്രിക്ക് അനുകൂലമായും പ്രതികൂലമായും വിഭാഗങ്ങൾ ചേരിതിരിഞ്ഞതോടെ പോലീസ് കനത്ത ജാഗ്രതയിലാണ്. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് യു.ഡി.എഫ് ഘടകകക്ഷികളുടെ തീരുമാനം.