ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ്

By Web DeskFirst Published May 26, 2018, 2:17 PM IST
Highlights

തന്റെ മനഃസാക്ഷിക്ക് ശരിയെന്ന് തോന്നിയ കാര്യം മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി: ജഡ്ജിമാരുടെ പരിഗണനാ വിഷയത്തില്‍ മാറ്റം വരുത്തിയ നടപടിയെ അടക്കം രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് കെമാല്‍ പാഷക്ക് മറുപടിയുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്. തന്റെ മനഃസാക്ഷിക്ക് ശരിയെന്ന് തോന്നിയ കാര്യം മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വിരമിക്കുന്ന മുതിര്‍ന്ന ജഡ്ജി പി.എന്‍ രവീന്ദ്രന് ജീവനക്കാര്‍ നല്‍കിയ യാത്ര അയപ്പില്‍ വെച്ചായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. അതേസമയം കെമാര്‍ പാഷയുടെ പേരെടുത്ത് പറയാതെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

മധ്യവേനല്‍ അവധിയ്‌ക്കു മുമ്പ് ജഡ്ജിമാരുടെ പരിഗണനാ വിഷയത്തില്‍ മാറ്റം വരുത്തിയത് അനവസരത്തിലായിരുന്നുവെന്നാണ് കെമാല്‍ പാഷ വിമര്‍ശിച്ചത്. ഇതിന് ചീഫ് ജസ്റ്റിസാണ് ഉത്തരവാദിയെന്നും ബെഞ്ച് മാറ്റിയതിന് പിന്നില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടെന്ന്  ജനങ്ങള്‍ പറഞ്ഞാല്‍ അവരെ കുറ്റം പറയാനാവില്ലെന്നും കെമാല്‍ പാഷ പറഞ്ഞിരുന്നു. ജഡ്ജി നിയമനത്തില്‍ കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകളില്‍ ചിലരെ താന്‍ കോടതികളില്‍ കണ്ടിട്ടുപോലുമില്ലെന്ന  ആരോപണവും അദ്ദേഹം ഉന്നയിച്ചു. എന്നാല്‍ മനഃസാക്ഷിക്ക് ശരിയെന്ന് തോന്നിയ കാര്യം മാത്രമാണ് താന്‍ ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് തിരിച്ചടിച്ചു.

ഹൈകോടതി എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കളയുന്നത് അല്പന്മാരായ ജഡ്ജിമാരാണെന്ന് ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും വിമര്‍ശിച്ചു. എന്നെ ഞാനാക്കിയ ഹൈക്കോടതിക്ക് ഞാന്‍ ഒരു കേടും വരുത്തില്ല. മഹാന്മാരായ ജഡ്ജിമാര്‍ ഇരുന്ന ഈ സ്ഥാപത്തില്‍ ചില അല്‍പ്പന്മാരായ ജഡ്ജിമാര്‍ കോടതിയുടെ പേര് കളയുന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ തിങ്കഴാള്ചയിലെ യാത്ര അയപ്പ് ചടങ്ങില്‍ വെച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു. 

click me!