ബി നിലവറ തുറക്കരുതെന്ന രാജകുടുംബത്തിന്റെ നിലപാട് അടിസ്ഥാന രഹിതമെന്ന് ചരിത്രകാരന്മാര്‍

By Web DeskFirst Published Jul 8, 2017, 6:46 PM IST
Highlights

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന രാജകുടുംബത്തിന്റെ നിലപാട് തള്ളി ചരിത്ര ഗവേഷകൻ ഡോ. എം.ജി ശശിഭൂഷണ്‍. നിലവറ തുറക്കുന്നത് ആചാരപരമായും വാസ്തുവിദ്യാപരമായും തെറ്റാണെന്ന് പറയാനാകില്ല. ഏറ്റവും വലിയ നിധി ശേഖരം ബി നിലവറയിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ചരിത്ര രേഖകൾ വ്യക്തമാക്കുന്നതെന്നും ശശിഭൂഷണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം പരിഗണിക്കണമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. നിലവറ തുറക്കുന്നത് ക്ഷേത്രത്തിന്റെ ഘടനയ്ക്കും ആചാര അനുഷ്ഠാനങ്ങൾക്കും വിരുദ്ധമാകുമെന്ന പ്രചരണം ശരിയല്ല. ആറ് നിലവറകളിൽ ഏറ്റവും വലിയ നിധിശേഖരം ശ്രീ ഭണ്ഡാര തിരുവറയെന്ന് ക്ഷേത്ര രേഖകൾ വിശേഷിപ്പിക്കുന്ന ബി നിലവറയിലാണ്. തിരുവിതാംകൂര്‍ രാജാക്കൻമാര്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന കരുതൽ നിധി ശേഖരമാണിത്. രണ്ട് ചേംബറുകളാണ് നിലവറയ്ക്കുള്ളത്. സുരക്ഷാ വാതിലുകൾ തുറക്കുന്നതിന് ഇരട്ടപ്പൂട്ടടക്കം വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ ഉണ്ടെന്നും ഇത് പലതവണ തുറന്നതിന് ചരിത്ര രേഖകൾ തെളിവുണ്ടെന്നുമാണ് ചരിത്രകാരൻമാരുടെ വാദം

എന്നാല്‍ നിലവറ തുറക്കുന്നത് ആചാര വിരുദ്ധമെന്ന് മാത്രമല്ല, ക്ഷേത്രത്തിന്റെ വാസ്തു വിദ്യക്കും ദോഷം ചെയ്യുമെന്നാണ് രാജകുടുംബത്തിന്റെ നിലപാട്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും രാജകുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവറയുടെ ഒരു ചേംബര്‍ മാത്രമാണ് തുറന്നതെന്ന വാദവും ചരിത്രകാരൻമാർ തള്ളുകയാണ്. ക്ഷേത്രത്തിന്റെ സ്വത്തുവിവരത്തിന്റെ കണക്കെടുത്ത വിനോദ് റായ് റിപ്പോര്‍ട്ടിൽ മാത്രം നിലവറ ഏഴ് തവണ നിലവറ തുറന്നെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അമൂല്യ നിധി ശേഖരം മാത്രമല്ല ക്ഷേത്ര സ്വത്ത് സംബന്ധിച്ച വിശദമായ വിവരങ്ങളും അതീവ സുരക്ഷയുള്ള നിലവറയിൽ ഉണ്ടെന്നാണ് വിവരം.

click me!