
ചെങ്ങന്നൂര്‍: മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. അവസാന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 20,956 വോട്ടുകളാണ് സജി ചെറിയാന്റെ ഭൂരിപക്ഷം. എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇടതുമുന്നണി ആധികാരികമായ ജയം സ്വന്തമാക്കിയത്. ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രവലിയ ഭൂരിപക്ഷത്തോടെ ഒരു സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്.
ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 67,303 വോട്ടുകള്‍ ഇടത് മുന്നണിക്ക് അനുകൂലമായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് 46,347 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് 35,270 വോട്ടുകളും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് ഇക്കുറി ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേടാനായത്. ആകെ കിട്ടിയ 40 തപാല്‍ വോട്ടുകളില്‍ 40ഉം ഇടതുമുന്നണിക്ക് തന്നെയായിരുന്നു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ബി.ജെ.പിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞശേഷം ഒരു തവണപോലും ഇടതുമുന്നണി പിന്നിലേക്ക് പോയില്ല. വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്തിയാണ് വിജയത്തിലേക്ക് അവസാന നിമിഷം വരെ ലീഡ് ഉയര്‍ത്തി വന്‍ വിജയത്തിലേക്ക് എത്തിച്ചേര്‍ന്നത്.
ശക്തി കേന്ദ്രങ്ങള്‍ ഒന്നൊന്നായി കൈവിട്ടുപോയ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയുടെ പഞ്ചായത്തിലും അടിതെറ്റി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡി വിജയകുമാറിന്റെ പഞ്ചായത്തായ പുലിയൂരിലും സജി ചെറിയാന്‍ തന്നെയാണ് ലീഡ് നിലനിര്‍ത്തിയത്. എല്‍ഡിഎഫിന് ഇവിടെ 866 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 4,266 വോട്ടുകള്‍ പുലിയൂരില്‍ നിന്ന് സ്വന്തമാക്കിയപ്പോള്‍ വിജയകുമാറിന് 3,629 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് 2117 വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ സജി സജി ചെറിയാന്റെ പഞ്ചായത്തായ മുളക്കുഴയില്‍ മാത്രം അദ്ദേഹത്തിന് 3,637 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.
ആദ്യം എണ്ണിയത് യുഡിഎഫ് ശക്തി കേന്ദ്രമായ മാന്നാര്‍ പഞ്ചായത്തിലെ 13 ബൂത്തുകളിലെ വോട്ടുകളായിരുന്നു. ഇത് പൂര്‍ത്തിയായപ്പോള്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ആയിരത്തിലധികം വോട്ടുകളുടെ ലീഡ് സ്വന്തമാക്കി. അവിടം മുതല്‍ യുഡിഎഫിന്റെ നില പരുങ്ങലിലാവുകയായിരുന്നു. രണ്ടാം റൗണ്ടില്‍ പാണ്ടനാട് പഞ്ചായത്തിലെ വോട്ടുകള്‍ കൂടിയായപ്പോള്‍ ഇടതുപക്ഷം ലീഡ് രണ്ടായിരത്തിനും അപ്പുറത്തേക്ക് എത്തിച്ചു. യുഡിഎഫിന് സ്വാധീനമുള്ള പഞ്ചായത്തായിരുന്നു പാണ്ടനാടും. മൂന്നാം റൗണ്ടില്‍ ബിജെപി സ്വാധീനമുള്ള തിരുവന്‍വണ്ടൂരിലും എല്‍ഡിഎഫ് തന്നെ മുന്നിലെത്തി. കോണ്‍ഗ്രസിന്റെ അവസാന പ്രതീക്ഷയായ ചെങ്ങന്നൂര്‍ നഗരസഭയും കൈവിട്ട് പോയതോടെ സജി ചെറിയാന്റെ വിജയം അപ്പോള്‍ തന്നെ ഉറപ്പിക്കപ്പെട്ടു. തുടര്‍ന്ന് വന്ന എല്‍ഡിഎഫ് അനുകൂല മണ്ഡലങ്ങളിലെല്ലാം സജി ചെറിയാന്‍ തന്റെ ഭൂരിപക്ഷം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. ഒരു ഘട്ടത്തില്‍ പോലും മുന്നിലേക്ക് വരാന്‍ എന്‍ഡിഎയ്ക്കും യുഡിഎഫിനും അവസരം ലഭിച്ചില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam