പൊലീസിനെ വട്ടംകറക്കിയ ആട് ആന്റണി

By Web DeskFirst Published Jul 15, 2016, 2:07 AM IST
Highlights

ആടില്‍ തുടങ്ങി ഇലക്ട്രോണിക് സാധനങ്ങളുടെ മോഷണവും കൊലപാതകവും. ആന്റണി വര്‍ഗീസെന്ന ആട് ആന്റണിയുടെ ജീവിതം സിനിമാക്കഥകളെ വെല്ലും. കൊല്ലം ജില്ലയിലെ കുമ്പളത്ത് നിന്ന ഒരാടിനെ മോഷ്ടിച്ച ശേഷം പിടിയിലായ ആന്റണിക്ക് അന്ന് മുതലാണ് ആട് ആന്റണിയെന്ന പേര് വീണത്. രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ മോഷണം നടത്തിയിട്ടുള്ള ആട് ആന്റണി അവിടെ നിന്നൊക്കെ പൊലീസിനെ വെട്ടിച്ച് കടക്കും. ചെല്ലുന്നയിടത്തൊക്കെ ഭാര്യമാര്‍. മോഷണ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ആഢംബര ഫ്‌ലാറ്റുകള്‍. വിവിധ വേഷങ്ങളില്‍ ഭാവങ്ങളില്‍ ആട് സുഖ ജീവിതം നയിച്ചു. 2012 ജൂണ്‍ 26 ന് പുലര്‍ച്ചെ ഓയൂരിലെ ഒരു വീട്ടില്‍ മോഷണെ നടത്തിയ ശേഷം തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒമ്‌നി വാനില്‍ രക്ഷപ്പെടുകയായിരുന്ന ആട് ആന്റണിയെ പാരിപ്പള്ളിക്ക് സമീപം വച്ച് എഎസ്‌ഐ ജോയിയും സംഘവും തടഞ്ഞ് നിര്‍ത്തി. എഎസ്‌ഐ ജോയിയെയും പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെയും വാനില്‍ കിടന്ന കമ്പിപ്പാര എടുത്ത് കുത്തി. മണിയന്‍ പിള്ള കുത്തേറ്റ് മരിച്ചു. എഎസഐ ജോയി പരിക്കുകളോടെ രക്ഷപ്പെട്ടു.

സര്‍വ്വ സന്നാഹങ്ങളുമായി കാടും മേടും അരിച്ച് പെറുക്കിയിട്ടും ആടിന്റെ പൊടി പോലും കിട്ടിയില്ല. ആടിന്റെ വിവിധ രൂപത്തിലുള്ള ചിത്രങ്ങള്‍ നാടെങ്ങും പതിച്ചെങ്കിലും ഫലമുണ്ടായില്ല. കൊലയ്ക്ക് ശേഷം തിരുവനന്തപുരത്തെ വീട്ടിലെത്തി ഭാര്യ സൂസണുമൊത്ത് ആട് മുങ്ങി. വഴിയില്‍ സൂസണെ ഉപേക്ഷിച്ച് പുതിയ കാമുകിക്കൊപ്പം പോയി. മൂന്ന് വര്‍ഷത്തിനിപ്പുറം 2015 ഒക്ടോബര്‍ 13 ന് പാലക്കാട് നിന്നും ആടിനെ പിടികുടുന്നതും ഇയാളുടെ സ്ത്രീക്കമ്പം മുതലെടുത്താണ്. ഗോപാലപുരത്തെ ഒരു സ്ത്രീയുടെ വീട്ടില്‍ സ്ഥിരമായി വരാറുള്ള ആടിനെ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടുന്നത്. പൊലീസ് ഉദ്യേഗസ്ഥനെ കൊന്ന കേസിലെ വിധിക്ക് ശേഷം ആടിന്റെ പേരിലുള്ള 200ലധികം കേസുകളുടെ വിചാരണ ആരംഭിക്കും.

click me!