
ചെങ്ങന്നൂര്‍: 2009 മുതല്‍ നടന്ന എല്ലാ നിമയസഭ ഉപതെരഞ്ഞെടുപ്പുകളിലും വെന്നിക്കൊടി പാറിച്ച ചരിത്രമാണ് യുഡിഎഫിനുള്ളത്. പക്ഷേ, ഒരു പതിറ്റാണ്ടിന് ശേഷം പോര്‍ക്കളത്തില്‍ അവരുടെ പ്രതീക്ഷകളേക്കാള്‍ വലിയ വിജയം നേടി കരുത്തോടെ എല്‍ഡിഎഫ് തിരിച്ചു വന്നിരിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരത്തിലിരിക്കുമ്പോഴും തോല്‍വിയുടെ കയ്പുനീര്‍ യുഡിഎഫിന് കുടിച്ചിരുന്നില്ല.
സര്‍ക്കാരിനെതിരെ ആരോപണങ്ങളും പ്രക്ഷോഭങ്ങളുമായി ഇടതു മുന്നണി രംഗത്തിറങ്ങിയ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നടന്ന നടന്നിട്ടുള്ള ഉപതെരഞ്ഞെടുപ്പുകളിലെല്ലാം വിജയം യുഡിഎഫിനൊപ്പം നിന്നു. മൂന്ന് ഉപതെരഞ്ഞെടുപ്പുകളാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നടന്നത്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവായിരുന്ന ടി.എം. ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്ന് പിറവം മണ്ഡലത്തിലാണ് ആദ്യ ഉപതെരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്‍റെ മകന്‍ അനൂപ് ജേക്കബ് സ്ഥാനാര്‍ഥിയാവുകയും വിജയം നേടുകയും ചെയ്തു.
അടുത്തത് എല്‍ഡിഎഫിന്‍റെ സകല പ്രതീക്ഷകളെയും അസ്ഥാനത്താക്കിയ തെരഞ്ഞെടുപ്പ് നടന്നത് തിരുവനന്തപുരത്തെ നെയ്യാറ്റിന്‍ക്കര മണ്ഡലത്തിലാണ്. സിപിഎം ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ആര്‍. ശെല്‍വരാജ് എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം എതിര്‍ ചേരിയില്‍ ചേര്‍ന്നു വീണ്ടും നിയമസഭയിലെത്തി. എല്‍ഡിഎഫില്‍ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ശെല്‍വരാജിനു യുഡിഎഫില്‍ നിന്നപ്പോള്‍ ലഭിച്ചത് ഇടതു മുന്നണിക്ക് ഏറെ ക്ഷീണമാണ് ഉണ്ടാക്കിയത്.
ഇതിനു ശേഷം സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍റെ നിര്യാണത്തെ തുടര്‍ന്ന് അരുവിക്കര മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അഴിമതി ആരോപണങ്ങളില്‍ ഉഴറിയ യുഡിഎഫിനെതിരേ ഇടതുപക്ഷം ശക്തമായ പ്രചാരണങ്ങള്‍ അഴിച്ചു വിട്ട തെരഞ്ഞെടുപ്പിലും വിജയം പക്ഷേ, യുഡിഎഫിനൊപ്പം തന്നെ നിന്നു. ജി. കാര്‍ത്തികേയന്‍റെ മകന്‍ കെ.എസ്. ശബരിനാഥ് സിപിഎമ്മിലെ ശക്തനായ നേതാവ് എം. വിജയകുമാറിനെയാണ് പരാജയപ്പെടുത്തിയത്.
തുടര്‍ന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം സ്വന്തമാക്കി ഇടതുമുന്നണി അധികാരത്തില്‍ എത്തി. ഈ സര്‍ക്കാരിന്‍റെ കാലത്ത് ആദ്യ ഉപതെരഞ്ഞെടുപ്പിന് വേദിയൊരുക്കിയത് വേങ്ങരയാണ്. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിക്കാന്‍ രാജിവെച്ച ഒഴിവിലായിരുന്നു വേങ്ങര നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് പ്രഖ്യാപനത്തോടെ എല്‍ഡിഎഫ് കളത്തിലിറങ്ങിയെങ്കിലും അവിടെയും പച്ച തൊടാന്‍ ഇടതുപക്ഷത്തിനു സാധിച്ചില്ല.
മുസ്ലിം ലീഗിന്‍റെ കെ.എന്‍.എ. ഖാദര്‍ 23,310 വോട്ടുകളുടെ വിജയമാണ് സിപിഎമ്മിന്‍റെ പി.പി. ബഷീറിനെതിരെ നേടിയത്. എന്നാല്‍, ഉപതെരഞ്ഞെടുപ്പുകളുടെ മുഴുവന്‍ ചരിത്രം പരിശോധിക്കുമ്പോള്‍ യുഡിഎഫിനേക്കാള്‍ ബഹുദൂരം മുന്നിലാണ് എല്‍ഡിഎഫ്. 40 വര്‍ഷത്തിനിടെ നടന്ന 39-ാംമത്തെ ഉപതെരഞ്ഞെടുപ്പിന് ചെങ്ങന്നൂരില്‍ കളമൊരുങ്ങിയപ്പോള്‍ 26-ാമത്തെ വിജയമാണ് എല്‍ഡിഎഫ് നേടിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരം കേരളത്തില്‍ ആഞ്ഞടിക്കുകയാണെന്ന് യുഡിഎഫ് നിരന്തരം പറഞ്ഞ കൊണ്ടിരിക്കുമ്പോള്‍ നേടിയ തിളക്കമാര്‍ന്ന വിജയം സര്‍ക്കാരിന് ലഭിച്ച അംഗീകാരമായും എല്‍ഡിഎഫ് വാഴ്ത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam