അധ്യാപകരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ആഭ്യന്തര മന്ത്രി രാജി വച്ചു

By Web DeskFirst Published Jul 21, 2016, 1:06 PM IST
Highlights

ബംഗലുരു: കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര ബുധനാഴ്ച രാവിലെ തന്‍റെ മൊബൈലിലേക്കു വന്ന സന്ദേശം ഞെട്ടലോടെയൊണ് വായിച്ചത്. ആഭ്യന്തര മന്ത്രിസ്ഥാനത്തു നിന്നും ഞാന്‍ രാജി വച്ചിരിക്കുന്നു എന്നായിരുന്നു സന്ദേശം. അപ്പോള്‍ പിന്നെ ഞാനാരെണെന്ന സന്ദേഹമായി മന്ത്രിക്ക്. സന്ദേശം ആവര്‍ത്തിച്ച്  വായിച്ചപ്പോഴാണ് മന്ത്രിയ്ക്ക് കാര്യം പിടികിട്ടിയത്.

ദക്ഷിണ കന്നട ജില്ലയില്‍ പുത്തൂര്‍ താലൂക്കിലെ ഹാരഡി എന്ന കൊച്ചു ഗ്രാമത്തിലെ ഒരു കൊച്ചു വിദ്യാര്‍ത്ഥിയായിരുന്നു ആ ആഭ്യന്തര മന്ത്രി. പേര് ദിവിത് യു രാജ്. ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. സ്‌കൂളിലെ 'മന്ത്രിസഭ'യിലെ ആഭ്യന്തരമന്ത്രിസ്ഥാനത്തു നിന്നാണ് താന്‍ ഒഴിയുന്നതെന്നാണ് ദിവിത് ഒറിജിനല്‍ മന്ത്രിയ്ക്ക് മെസേജിലൂടെ അറിയിച്ചത്.

കാര്യമന്വേഷിച്ചു തിരിച്ചു വിളിച്ച പരമേശ്വരയ്ക്ക് മുന്നില്‍ ദിവിത് തന്‍റെ പരാതിയുടെ കെട്ടഴിച്ചു. സ്‌കൂളിലെ പ്രിയപ്പെട്ട അധ്യാപകരെ സ്ഥലം മാറ്റി. ഒരു മുന്നറിയിപ്പുമില്ലാതെ അധ്യാപകരെ മാറ്റിയത് പഠനത്തെ ബാധിക്കുന്നു.

വിദ്യാര്‍ത്ഥിയെ ആശ്വസിപ്പിച്ച മന്ത്രി ഉടന്‍ വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സേട്ടിനെ  വിളിച്ച് സത്യാവസ്ഥ  അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. അധ്യാപകരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌ക്കരിച്ചിരുന്നു.

കഴിഞ്ഞ അധ്യയന വര്‍ഷം ജില്ലയിലെ ഏറ്റവും മികച്ച സ്‌കൂളിനുള്ള ബഹുമതി ഈ സ്‌കൂളിനായിരുന്നു. ഇതുവരെ 15 ഓളം അധ്യാപകരെ സ്‌കൂളില്‍ നിന്നും അകാരണമായി സ്ഥലംമാറ്റിയതായി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു. സ്‌കൂളില്‍ അധ്യാപകരുടെ എണ്ണക്കൂടുതലുണ്ടെന്ന കാരണത്തലാണ് നാലു പേരെ സ്ഥലം മാറ്റിയതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജി ശശിധറിന്‍റെ ഭാഷ്യം.

 

click me!