ജീവനക്കാരെ പെരുവഴിയിലാക്കി മുന്നറിയിപ്പില്ലാതെ ചാലക്കുടിയില്‍ സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി

Published : Nov 24, 2017, 04:15 PM ISTUpdated : Oct 04, 2018, 11:22 PM IST
ജീവനക്കാരെ പെരുവഴിയിലാക്കി മുന്നറിയിപ്പില്ലാതെ ചാലക്കുടിയില്‍ സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി

Synopsis

തൃശൂര്‍: നൂറിലേറെ നഴ്‌സുമാരെയും ഇതര ജീവനക്കാരെയും പെരുവഴിയിലാക്കി തൃശൂരില്‍ സ്വകാര്യ ആശുപത്രി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. ചാലക്കുടിയിലെ സിസിഎംകെ ആശുപത്രിയാണ് നവംബര്‍ 15ന് പുലര്‍ച്ചെ അടച്ചുപൂട്ടിയത്. സാധാരണ രീതിയില്‍ ജോലിക്കെത്തിയ നഴ്‌സുമാരെയും ഇതര ജീവനക്കാരെയും സര്‍ജറി കഴിഞ്ഞു കിടന്ന രോഗികളെ പോലും അറിയിക്കാതെയാണ് അടച്ചുപൂട്ടല്‍ തീരുമാനമുണ്ടായത്. കിടപ്പുരോഗികളെ തലേന്നും മറ്റുമായി നിര്‍ബന്ധിച്ച് മറ്റു ആശുപത്രികളിലേക്ക് പറഞ്ഞുവിട്ടായിരുന്നു ആസൂത്രിത നീക്കം.

നവംബര്‍ 15ന് രാവിലെ മൊബൈലില്‍ എസ്എംഎസ് ആയാണ് ജീവനക്കാരെ അടച്ചുപൂട്ടല്‍ തീരുമാനമറിയിച്ചത്. മെസേജ് ശ്രദ്ധയില്‍പ്പെടാത്ത ജീവനക്കാര്‍ രാവിലെ ആശുപത്രിയില്‍ എത്തിയതോടെയാണ് വിവരമറിയുന്നത്. ആശുപത്രിയില്‍ സ്ഥാപിച്ചിരുന്ന പഞ്ചിങ് മെഷിനും ഓഫീസ് മുറിയിലെ ഹാജര്‍ രജിസ്റ്ററും നീക്കം ചെയ്ത നിലയിലായിരുന്നു.
സ്ഥലം എംഎല്‍എ ബി ഡി ദേവസിയും നഗരസഭാ അധികാരികളും നഴ്‌സിങ് സംഘടനയായ യുഎന്‍എയുടെ നേതാക്കളും ചാലക്കുടിയിലെ വിവിധ കക്ഷിനേതാക്കളും സ്ഥലത്തെത്തി മാനേജ്‌മെന്റുമായി സംസാരിച്ചു. 

19ന് നഗരസഭയില്‍ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്താന്‍ ധാരണയായെങ്കിലും ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പങ്കെടുത്തില്ല. ആശുപത്രി ഉടമയുടെ ബന്ധു അവിടെയെത്തി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് രേഖാമൂലം അറിയിച്ച് മടങ്ങുകയാണുണ്ടായത്. അതേസമയം, ആശുപത്രി അടച്ചിട്ട ദിവസം മുതല്‍ ഇതുവരെ നഴ്‌സുമാര്‍ ഉള്‍പ്പടെ ജീവനക്കാര്‍ പതിവുള്ള ഡ്യൂട്ടി ഷിഫ്റ്റ് അനുസരിച്ച് എത്തുന്നുണ്ട്.

ചെറിയ ആശുപത്രിയെന്ന നിലയില്‍ ഇതുവരെ സമരം നടത്തുകയോ സേവനവേതന ആവശ്യമുന്നയിച്ച് നോട്ടീസ് നല്‍കുയോ ഉണ്ടായിട്ടില്ലെന്ന് യുഎന്‍എ തൃശൂര്‍ ജില്ലാ സെക്രട്ടറി സുധീപ് ദിലീപ് പറഞ്ഞു. മുന്നറിയിപ്പില്ലാതെയും തൊഴില്‍ സുരക്ഷയെ ബാധിക്കും വിധവും ഉണ്ടായ നടപടി തൊഴില്‍ നിയമ ലംഘനമാണ്. ജനപ്രതിനിധി സഭ വിളിച്ച ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും നീതികേടായാണ് കാണാനാകൂ. ചര്‍ച്ച ചെയ്ത് ആശുപത്രി തുറക്കണമെന്നാണ് യുഎന്‍എ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, തൊഴിലാളി ദ്രോഹ നടപടിയുമായി മുന്നോട്ട് പോകാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് വഴിയൊരുങ്ങുമെന്ന് യുഎന്‍എ നേതാവ് മുന്നറിയിപ്പ് നല്‍കി. യുഡിഎഫ് ചാലക്കുടി മണ്ഡലം കമ്മിറ്റിയും എഐടിയുസിയും എഐവൈഎഫ്, ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് യുവജന പ്രസ്ഥാനങ്ങളും മഹിളാ കോണ്‍ഗ്രസും ബിജെപിയും യുഎന്‍എ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ആശുപത്രിയിലെത്തുന്നുണ്ട്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെടുമങ്ങാട്​ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു
കുറച്ചു വർഷങ്ങളായി വളരെ നല്ല കാര്യങ്ങൾ ഇവിടെ നടന്നു, ബിഹാറിൽ എൻഡിഎ സർക്കാരിനെ പുകഴ്ത്തി തരൂർ