
തൃശൂര്‍: ആശുപത്രികൾ ചികിത്സ നിഷേധിച്ചത് മൂലം വാഹനാപകടത്തില്‍ പെട്ട 65 കാരൻ രക്തം വാർന്ന് മരിച്ചതായി പരാതി. തൃശൂർ എരുമപ്പെട്ടി സ്വദേശി മുകുന്ദനെ മൂന്ന് ആശുപത്രികളിലെത്തിച്ചെങ്കിലും ചികിത്സ കിട്ടിയില്ലെന്ന് സഹോദരൻ തൃശൂര്‍ റൂറല്‍ എസ് പിയ്ക്ക് പരാതി നല്‍കി. പരാതിയുട അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഓഗസ്റ്റ് 6നാണ് പരാതിക്ക് ആസ്പദമായ സംഭവം. രാത്രി 9-30 ന് തൃശൂര്‍ എരുമപ്പെട്ടി കടങ്ങോട് റോഡിന് സമീപം വാഹനാപകടത്തിൽ പെട്ട മുകുന്ദനെ നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ആംബുലൻസിൽ ആദ്യമെത്തിച്ചത് കുന്നംകുളം റോയല്‍ ആശുപത്രിയിലായിരുന്നു.
ആശുപത്രിയിൽ ന്യൂറോ സർജന്റെ സേവനം ലഭ്യമല്ലാത്തതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ നിർദ്ദേശ പ്രകാരം പിന്നീടെത്തിച്ചത് തൃശൂരിനടുത്തുള്ള അമല മെഡിക്കൽ കോളേജിലായിരുന്നു. എന്നാൽ അമല മെഡിക്കൽ കോളേജ് അധികൃതർ ആംബുലൻസിൽ നിന്നും രോഗിയെ പുറത്തെടുക്കാനോ പ്രാഥമിക ചികിത്സ നൽകാനോ തയ്യാറായില്ലെന്നാണ് മുകുന്ദന്റെ കുടുംബാംഗങ്ങളുടെ പരാതി.
ഐ.സി.യു വിൽ സ്ഥലമില്ലാത്തതിനാലായണ് രോഗിയെ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് ആശുപത്രിയുടെ വിശദീകരണം. തുടർന്ന് തൃശൂരിലെ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും ആവശ്യത്തിന് നഴ്സുമാരില്ലാത്തതിനാല്‍ ഇവിടെ നിന്നും ചികിത്സ കിട്ടിയില്ല. പിന്നീട് മുകുന്ദന് ചികിത്സ ലഭിച്ചത് ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ്. അപ്പോഴേക്കും അതീവ ഗുരുതരാവസ്ഥയിലെത്തിയ മുകുന്ദൻ പുലർച്ചെ 1.30ന് മരിച്ചു. സഹോദരന് ചികിത്സ നിഷേധിച്ച ആശുപത്രികൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് അന്വേഷണത്തിന് റൂറൽ എസ്.പി യതീഷ് ചന്ദ്രയ്ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് റൂറൽ എസ്.പി നിർദ്ദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam