നിതീഷ്-വീരന്‍ ധാരണ പൊളിച്ച് ജെ.ഡി.യു സംസ്ഥാന നേതൃത്വം

By Web DeskFirst Published Aug 18, 2017, 2:16 PM IST
Highlights

തിരുവനന്തപുരം: രാജ്യസഭാ അംഗത്വം നിലനിര്‍ത്താൻ നിതീഷ് കുമാറുമായി വീരേന്ദ്രകുമാര്‍ ഉണ്ടാക്കിയ ധാരണയെ വെല്ലുവിളിച്ച് ജെ.ഡി.യു കേരള ഘടത്തിലെ മുന്‍ നിര നേതാക്കള്‍. നിതീഷിനെ എതിര്‍ക്കുന്ന ശരത് യാദവുമായി കൂട്ടു കെട്ടുണ്ടാക്കില്ലെന്നതാണ് നിതീഷും വീരേന്ദ്രകുമാറും തമ്മിലുള്ള ധാരണ. ഇതിനെ വെല്ലുവിളിച്ച് നാലു സംസ്ഥാന നേതാക്കള്‍ ദില്ലിയിൽ വൈകീട്ട് ശരത് യാദവിനെ കണ്ട് പിന്തുണ അറിയിക്കും. നിതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതോടെ അതിനൊപ്പമില്ലെന്ന് ജെ.ഡി.യു കേരള ഘടകം പ്രഖ്യാപിച്ചു.

ഇതോടെ എം.പി വീരേന്ദ്രകുമാറിന് രാജ്യസഭാംഗത്വം നിലനിര്‍ത്താൻ ആ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കപ്പെടണമെന്ന സ്ഥിതി വന്നു. പാര്‍ട്ടിയിൽ നിന്ന് പുറത്താക്കണമെങ്കിൽ തന്നെ എതിര്‍ക്കുന്ന ശരത് യാദവിനൊപ്പം ചേരരുതെന്ന് വീരേന്ദ്ര കുമാറിനോട് നിതീഷ് കുമാര്‍ ഉപാധി വച്ചെന്നാണ് അറിയുന്നത്. ഇതോടെ കഴിഞ്ഞ ദിവസം ശരത് യാദവ് ദില്ലിയിൽ വിളിച്ച  കണ്‍വെൻഷനിൽ വീരേന്ദ്രകുമാര്‍ പങ്കെടുത്തില്ല. ശരത് യാദവുമായി ചങ്ങാത്തം വേണ്ടെന്ന വീരേന്ദ്രകുമാര്‍ ലൈനിനെ എതിര്‍ക്കുന്ന നേതാക്കളാണ് ശരത് യാദവിനെ കാണുന്നത്.

വര്‍ഗീസ് ജോര്‍ജ്, ഷേയ്ഖ് പി ഹാരിസ്, ചാരുപാറ രവി, വി സുരേന്ദ്രന്‍ പിളള എന്നിവരാണ് ശരത് യാദവിനെ കണ്ട് പിന്തുണ അറിയിക്കുന്നത്.ഇവര്‍ക്ക് എട്ടു ജില്ലാ കമ്മിറ്റികളുടെയും ഒരു വിഭാഗം സംസ്ഥാന നേതാക്കളുടെയും  പിന്തുണയുണ്ടെന്നാണ് വിവരം.

ശരത് യാദവിനൊപ്പം ചേര്‍ന്ന് യഥാര്‍ഥ ജെ.ഡി.യു തങ്ങളാണെന്ന വാദം ഉന്നയിക്കണമെന്നാണ് വീരൻ ലൈനിനെ എതിര്‍ക്കുന്ന നേതാക്കളുടെ ആവശ്യം. തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് അയോഗ്യതാ പ്രശ്നമുണ്ടാകാതിരിക്കാൻ ഇതു വേണമെന്നാണ് വാദം. നിതീഷിന്റെ ബി.ജെ.പി ചങ്ങാത്തത്തെ വെല്ലുവിളിച്ച് മതേതര ലൈൻ സ്വീകരിക്കുന്ന ശരത് യാദവിനെ പിന്തുണയ്ക്കാതിരുന്നാൽ അത് പാര്‍ട്ടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നാണ് ഇവരുടെ പക്ഷം. ഇടതു പുന:പ്രവേശത്തെ ചൊല്ലി കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.

 

click me!