
ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയിൽ വീട് കുത്തിത്തുറന്ന് കവര്‍ച്ച 24 പവന്‍ സ്വര്‍ണ്ണവും, വാച്ചുകളും പണവും കവര്‍ന്നു. ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കാലില്‍ കിടന്ന കൊലിസുകളും മോഷ്ടാവ് പൊട്ടിച്ചെടുത്തു. താമസക്കാരില്ലാത്തതുള്‍പ്പെടെ മറ്റ് രണ്ട് വീടുകളിലും കവര്‍ച്ചാശ്രമവും നടന്നു. ആദിക്കാട്ടുകുളങ്ങര മുകളയ്യത്ത് ഷഹബാസ് മന്‍സില്‍ ഷാഹുല്‍ ഹമീദിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും വാച്ചുകളും അപഹരിച്ചത്. വിളയില്‍ ഫിലിപ്പ്, കരിപ്പുറത്ത് ജമാലുദീന്‍ എന്നിവരുടെ വീടുകളിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു കവര്‍ച്ച.
ഷാഹുലിന്റെ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഷാഹുലും മാതാവ് ഖദീജ ബീവി, ഭാര്യ ഷൈനി, കുട്ടികള്‍, ഷൈനിയുടെ മാതാവ് റാബിയ ബീവി എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. കിടപ്പുമുറികളില്‍ കയറിയ മോഷ്ടാക്കള്‍ അലമാരകളം, മേശയും കുത്തി തുറന്നു. ബാഗുകളും, പഴ്‌സുളും വീടിന്റെ പിന്നാമ്പുറത്ത് കൊണ്ടുവന്നാണ് സ്വര്‍ണ്ണവും, ആറായിരത്തോളം രൂപയും എടുത്തത്. ബാഗിലുണ്ടായിരുന്ന പാസ്‌പോര്‍ട്ടുകള്‍, രേഖകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പിന്നാമ്പുറത്ത് നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തു.
ഖദീജ ബീവിയുടെയും, റാബിയ ബീവിയുടെയും മാലകള്‍ കിടപ്പുമുറിയില്‍ തലയിണയ്ക്കടിയില്‍ നിന്നാണ് എടുത്തത്. ഷൈനിയുടെ കാലില്‍ കിടന്ന കൊലിസുകളും പൊട്ടിച്ചെടുത്തു. സ്വീകരണ മുറിയിലെ അലമാരയില്‍ നിന്നാണ് വാച്ചുകളെടുത്തത്. 12 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കഴിഞ്ഞ മാസമാണ് പണയത്തില്‍ നിന്നെടുത്തത്. രാവിലെയാണ് കവര്‍ച്ച നടന്നത് വീട്ടുകാരറിയുന്നത്. മോഷ്ടാക്കള്‍ സ്പ്രയോ മറ്റോ ഉപയോഗിച്ചിട്ടുണ്ടോയെന്നും സംശയിക്കുന്നു. സമീപത്തുള്ള കരിപ്പുറത്ത് ജമാലുദീന്റെ വീടിന്റെ അടുക്കള വാതിലാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ നമസ്‌കാരത്തനായി വീട്ടുകാര്‍ ഉണര്‍ന്ന സമയമാണ് കതക് പൊളിക്കുന്ന ശബ്ദം കേട്ടത്. ലൈറ്റിട്ടതോടെ മോഷ്ടാക്കള്‍ രക്ഷപെട്ടു.
ഫിലിപ്പിന്റെ വീട്ടില്‍ താമസക്കാരില്ല. മുന്‍വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. മൂന്നു കിടപ്പുമുറികളിലെയും സ്റ്റോറിലെയും അലമാരകളും പെട്ടികളൂം ബാഗ്കളും മറ്റും കുത്തിതുറന്ന് സാധനങ്ങള്‍ വലിച്ചു വാരിയിട്ടിട്ടുണ്ട്. ഇവിടെ നിന്നും എന്തെങ്കിലും മോഷണം പോയതായി വ്യക്തതയില്ല. നൂറനാട് പോലീസും, വിരലടയാള വിദഗ്ധരുമെത്തി പരിശോധനയും തെളിവെടുപ്പും നടത്തി. ഷാഹു ലിന്റെ വീട്ടില്‍ നിന്നു മണം പിടിച്ച പോലീസ് നായ റബ്ബര്‍ തോട്ടത്തിലൂടെ ഓടി അഞ്ഞൂറ് മീറ്ററോളം അകലെ കെ.പി.റോഡരുകിലുള്ള മില്ലിന്റെടുത്ത് വന്നാണ് നിന്നത്. രണ്ടിലധികം വരുന്ന സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് അനുമാനിക്കുന്നത്. ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam