അന്ന് മോദിയുടെ ഉറ്റ സുഹൃത്ത്, ഇന്ന് ബദ്ധശത്രു, തൊഗാഡിയ-മോദി വൈരത്തിന് പിന്നില്‍

By Web DeskFirst Published Jan 16, 2018, 1:46 PM IST
Highlights

ദില്ലി: ആർഎസ്എസ് പ്രചാരകരായിരിക്കെ ഉറ്റ സുഹൃത്തുക്കളായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും വി എച്ച് പി നേതാവ് പ്രവീൺ തെഗാഡിയയയും. കാൻസർ വിദഗ്ധനായ തൊഗാഡിയ തന്റെ സ്കൂട്ടറിൽ നരേന്ദ്ര മോദിയെ പിറകിലിരുത്തിയാണ് ഗാന്ധിനഗറിലും അഹമ്മദാബാദിലും സംഘത്തിന്റെ പരിപാടികൾക്കെത്തിയിരുന്നത്. വാജ്പേയി സർക്കാർ ഹിന്ദുത്വ നിലപാടിൽ വെള്ളം ചേർക്കുന്നു എന്ന് കുറ്റപ്പെടുത്തി തെഗാഡിയ നടത്തിയ പ്രചരണത്തിന് മോദിയുടെ പിന്തുണയുണ്ടായിരുന്നു.

2002ൽ നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കുന്നതിൽ തൊഗാഡിയയുടെ നിലപാടും പ്രധാനമായി. തന്റെ അനുയായി ഗോർധൻ സടഫിയയെ ആഭ്യന്തര മന്ത്രിയാക്കി തൊഗാഡിയ ഭരണത്തിലും ഇടപെട്ടു. തൊഗാഡിയയ്ക്ക് എന്തിനും പൂർണ്ണ സ്വാതന്ത്ര്യമുള്ള കാലത്താണ് ഗുജറാത്ത് കലാപം നടന്നത്. എന്നാൽ 2002ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം മോദി തൊഗാഡിയയെ കൈവിട്ടു. അമിത് ഷാ കരുത്തനായി.

തൊഗാഡിയയും ആർഎസ്എസ് നേതാവ് സഞ്ജയ് ജോഷിയും മോദിയെ വീഴ്ത്താൻ ശ്രമിച്ചു.

ജോഷിയെ ലൈംഗിക ആരോപണത്തെതുടർന്ന് ഒതുക്കിയ മോദി തൊഗാഡിയയേയും പിടിച്ചു കെട്ടി.

എന്നാൽ വിശ്വഹിന്ദു പരിഷത്തിൽ തൊഗാഡിയ തന്റെ അപ്രമാദിത്വം തുടർന്നു. 2012-ലും കഴി‌ഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മോദി-അമിത്ഷാ കൂട്ടുകെട്ടിനെ ഗുജറാത്തിൽ വീഴ്ത്താൻ തൊഗാഡിയ രഹസ്യമായി ശ്രമിച്ചിരുന്നു.

അടുത്തിടെ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ തൊഗാഡിയ ബിജെപിയെ തോല്‍പിക്കാൻ ഹാർദിക് പട്ടേലിന് സഹായം നല്‍കിയെന്നാണ് മോദിയും അമിത് ഷായും ആർഎസ്എസ് നേതൃത്വത്തോട് പരാതിപ്പെട്ടത്. ഹാർദിക് പട്ടേലിന് പിന്തുണയും ആൾബലവും നല്‍കിയത് തൊഗാഡിയ ആണെന്ന് മോദി ആർഎസ്എസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ വൈരം തുടരുന്നതിന്റെ ഭാഗമാണ് ഇന്നലെ രാത്രിയിലെ നാടകവും തന്നെ വധിക്കാൻ ശ്രമിക്കുന്നു എന്ന തൊഗാഡിയയുടെ ആരോപണവും.

 

click me!