സുപ്രീംകോടതി വിധി ആധാര്‍ കേസിനെ ബാധിക്കും

By Web DeskFirst Published Aug 24, 2017, 3:26 PM IST
Highlights

ന്യൂഡല്‍ഹി: സ്വകാര്യത കേസിലെ വിധി ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിക്കാരുടെ വാദങ്ങൾക്ക് ശക്തിപകരും. ആധാറിന് ഭരണഘടന സാധുത കിട്ടാനുള്ള സാധ്യതയും ഇതോടെ മങ്ങി. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ആധാര്‍ കേസിൽ ഇനി തീരുമാനമെടുക്കേണ്ടത്.

ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് 2012ലാണ് സുപ്രീംകോടതിയിൽ നിരവധി ഹര്‍ജികൾ എത്തിയത്. ആധാറിനായി ബയോമെട്രിക് വിവരങ്ങൾ എടുക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും അത് പൗരന്‍റെ മൗലിക അവകാശം നിഷേധിക്കലാണെന്നും ഹര്‍ജിക്കാര്‍ കോടതിയിൽ വാദിച്ചു. എന്നാൽ സ്വകാര്യതക്ക് പരിധിയുണ്ടെന്ന് സ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. കേസിൽ ഒമ്പതംഗ ഭരണഘടന ബെഞ്ച് വ്യക്തത വരുത്തിയതോടെ കേന്ദ്ര സര്‍ക്കാരിന് ഇനി അത്തരം വാദങ്ങളുമായി മുന്നോട്ടുപോകാനാകില്ല. സ്വകാര്യത മൗലിക അവകാശമാണെന്ന വിധിയുടെ പശ്ചാതലത്തിൽ ആധാര്‍ റദ്ദാക്കണമെന്ന് ഹര്‍ജിക്കാര്‍ ഇനി ആവശ്യപ്പെട്ടേക്കും.

ആധാറിന്‍റെ നിയമസാധുത പലപ്പോഴായി കോടതി ചോദ്യം ചെയ്തപ്പോഴും കോടതിയിൽ നൽകിയ ഉറപ്പുകൾ ലംഘിച്ച് എല്ലാ ആനുകൂല്യങ്ങൾക്കും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. ആധാറിനായി ശേഖരിച്ച വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ പല കോര്‍പ്പറേറ്റ് കമ്പനികൾക്കും കൈമാറി. ഇക്കാര്യത്തിലൊക്കെ വലിയ തലവേദനകൾ വരുംദിവസങ്ങളിൽ കേന്ദ്രത്തിന് നേരിടേണ്ടിവരും.

 

click me!