ആന്‍ഡമാൻ കടലിന്റെ അടിത്തട്ടിൽ അപൂർവധാതു നിക്ഷേപം കണ്ടെത്തി

By Web DeskFirst Published Jul 16, 2016, 8:27 PM IST
Highlights

കവറത്തി:ആന്‍ഡമാൻ കടലിന്റെ അടിത്തട്ടിൽ മറഞ്ഞു കിടക്കുന്ന അപൂർവധാതു നിക്ഷേപം കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രസംഘമാണ് കണ്ടത്തലിന് പിന്നിൽ. 13 അംഗ ശാസ്ത്രജ്ഞരുടെ സംഘത്തിന്റെ മേധാവിയടക്കം ഏഴു പേർ മലയാളികളാണ്. ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ സമുദ്രരത്നാകർ എന്ന പര്യവേക്ഷണ കപ്പൽ നടത്തിയ പരീക്ഷണങ്ങളിലാണ് അപൂർവ ധാതു നിക്ഷേപം കണ്ടെത്തിയത്.

റിമോട്‌ലി ഓപ്പറേഷണൽ വെഹിക്കിൾ ഉപയോഗിച്ചായിരുന്നു 1000 മീറ്റർ ആഴത്തിലെ പരിശോധന. ലാന്തനം സീറിയം നിയോഡീമിയം തുടങ്ങിയ അപൂർവ ലോഹങ്ങളുടെ സ്രോതസ് ആയ അയൺ മാംഗനീസ് പാളികളാണ് പര്യവേക്ഷണ സംഘം തിരിച്ചറിഞ്ഞത്.ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണത്തിലടക്കം വൻ വ്യാവസായിക പ്രാധാന്യമുള്ളതാണ് ലാന്തനം സീറിയം തുടങ്ങിയ ലോഹങ്ങൾ. ലോകം ഉറ്റുനോക്കുന്ന ഹരിത സാങ്കേതിക വിദ്യയിലും ഇവ അത്യന്താപേക്ഷിതമാണ്.

അതുകൊണ്ട് തന്നെ ജിയോളജിക്കൽ സർവേയുടെ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ട്. ഇപ്പോൾ കണ്ടെത്തിയ അയൺ മാംഗനീസ് പാളികളിൽ എത്രത്തോളം ലോഹനിക്ഷേപം ഉണ്ടെന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. പൊന്നാനി സ്വദേശിയും ജിയോളജിക്കൽ സർവേയിലെ ഡയറക്ടറുമായ എസി ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ജൂൺ മാസത്തിലാണ് പര്യവേക്ഷണം നടത്തിയത്. 13 അംഗ സംഘത്തിൽ ദിനേശിനെ കൂടാതെ നിഷ എൻവി, ഡോ.സാജു വർഗീസ്, രചന പിള്ള, ഡോ. രജനി പി രമേശ്, മനോജ് ആർ വി, ജിഷ്ണു ബാലഗംഗാധർ എന്നി മലയാളികളാണ് ഉള്ളത്.

click me!