ഡിവെെഎസ്പിക്ക് ഒളിവില്‍ പോകാന്‍ സംരക്ഷണം? സനലിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധം ഇരമ്പുന്നു

By Web TeamFirst Published Nov 7, 2018, 11:23 AM IST
Highlights

ഒളിവില്‍ പോയ ഹരികുമാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പോലും പുറപ്പെടുവിക്കാന്‍ പൊലീസ് സേന ഇതുവരെ തയാറായിട്ടില്ല. ഇതിനിടെ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചനയുണ്ട്. അതിനുള്ള അവസരം നല്‍കാനാണോ പ്രതിയെ പിടികൂടാന്‍ വെെകുന്നത് എന്ന തരത്തിലാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്

നെയ്യാറ്റിന്‍കര: മലയാളി മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ ഒരു കൊലപാതകം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധം ഇരമ്പുന്നു. ദൃക്സാക്ഷികളുടെ അടക്കം വെളിപ്പെടുത്തലുകള്‍ പുറത്ത് വന്ന്  24 മണിക്കൂര്‍ കഴിഞ്ഞിട്ടും കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ഡിവെെഎസ്പി ബി. ഹരികുമാറിനെ പിടികൂടാനാകാത്തതാണ് നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്ക് കാരണം.

വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സനല്‍ കുമാറിന്‍റ കൊലപാതകത്തില്‍ കലാശിച്ചത്. സനലിനെ മര്‍ദിച്ച ശേഷം ഡിവെെഎസ്പി പിടിച്ച് തള്ളുകയായിരുന്നു. ഇതിന്‍റെ ആഘാതത്തില്‍ റോഡിലേക്ക് വീണ സനലിനെ വണ്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി.

ഒളിവില്‍ പോയ ഹരികുമാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പോലും പുറപ്പെടുവിക്കാന്‍ പൊലീസ് സേന ഇതുവരെ തയാറായിട്ടില്ല. ഇതിനിടെ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചനയുണ്ട്. അതിനുള്ള അവസരം നല്‍കാനാണോ പ്രതിയെ പിടികൂടാന്‍ വെെകുന്നത് എന്ന തരത്തിലാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇതിനിടെ ഡിവൈഎസ്പി ഹരികുമാര്‍ മധുരയിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ അന്വേഷണ സംഘം മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 10 സംഘങ്ങളായി തിരിഞ്ഞാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.  ഹരികുമാറിന്‍റെ രണ്ട് മൊബൈൽ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്.

ഒളിവിൽ പോയ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനൽ കുമാറിന്‍റെ മൃതദേഹവുമായി നാട്ടുകാർ ഇന്നലെ മൂന്ന് മണിക്കൂർ നേരം ദേശീയ പാത ഉപരോധിച്ചിരുന്നു. ഇനിയും മെല്ലെപ്പോക്ക് നയമാണ് അന്വേഷണ സംഘം തുടരുന്നതെങ്കില്‍ പ്രതിഷേധങ്ങള്‍ക്ക് ശക്തിക്കൂട്ടാന്‍ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.

നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഹരികുമാറിനെ അന്വേഷണ വിധേയമായി ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവശേഷം ഗുരുതരമായി പരിക്കേറ്റ സനലിനെ ആശുപത്രിയില്‍ പോലും എത്തിക്കാതെ ഡിവെെഎസ്പി സംഭവ സ്ഥലത്ത് നിന്ന് പോയി. അത് കഴിഞ്ഞ് 20 മിനിറ്റുകള്‍ക്ക് ശേഷമാണ് സനലിനെ ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്ന് നാട്ടുകാര്‍ പറയുന്നു.

ഇതിന് ശേഷം പൊലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി സനലിന്‍റെ വായില്‍ പൊലീസ് മദ്യം ഒഴിച്ച് നല്‍കിയെന്നും ഇവര്‍ ആരോപിക്കുന്നു. ഡിവെെഎസ്പി ഒളിവിലല്ലെന്നും ഇയാളെ ഇപ്പോഴും സംരക്ഷിക്കുകയാണെന്നുമാണ് ഇവര്‍ പറയുന്നത്. സംഭവം നടന്ന സ്ഥലത്ത് നിന്ന് ഒന്നരകിലോമീറ്റര്‍ മാത്രം അകലെയുള്ള നെയ്യാറ്റിന്‍കര ആശുപത്രിയില്‍ സനലിനെ എത്തിക്കാന്‍ ഏറെ വെെകിയെന്നും ആരോപണമുണ്ട്.  

click me!