കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നു; പൊലീസിനെതിരെ മനുഷ്യാവകാശ സംഘടനകള്‍

Web Desk |  
Published : May 22, 2018, 07:32 PM ISTUpdated : Oct 02, 2018, 06:34 AM IST
കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നു; പൊലീസിനെതിരെ മനുഷ്യാവകാശ സംഘടനകള്‍

Synopsis

പൊലീസ് മൂന്നാംമുറ പ്രയോഗിക്കരുത് മനുഷ്യാവകാശ സംഘടനകള്‍ നിയമയുദ്ധത്തിനിറങ്ങുന്നു

തൃശൂര്‍: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവും പാലക്കാട് എലപ്പുള്ളി സന്തോഷിന്റെ തൂങ്ങി മരണവും മുന്‍ നിര്‍ത്തി മനുഷ്യാവകാശ സംഘടനകള്‍ നിയമയുദ്ധത്തിനിറങ്ങുന്നു. വരാപ്പുഴ കസ്റ്റഡി മരണം സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയതായും മൂന്നാംമുറ പ്രയോഗിക്കരുതെന്ന് പൊലീസിന് നേരത്തെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നുമുള്ള മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിലുമുണ്ടായ സാഹചര്യത്തിലാണ് മനുഷ്യാവകാശ സംഘടനകളുടെ രംഗപ്രവേശം.

സുപ്രീംകോടതി വിധിയും ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ സംഘടനകളുടെ നീക്കം. നടപടികള്‍ ആലോചിക്കാന്‍ ഈ മാസം അവസാനം തൃശൂരില്‍ മനുഷ്യാവകാശ-പൗരാവകാശ സംഘടനകളുടെ യോഗം ചേരും. കസ്റ്റഡി പീഡനങ്ങള്‍ തടയാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാനുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ 2006 ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ചതിനു ശേഷവും സംസ്ഥാനത്ത് നിരവധി കസ്റ്റഡി പീഢന മരണങ്ങള്‍ നടന്നു. 

2006 ഏപ്രില്‍ ഒന്നു മുതല്‍ ആഗസ്റ്റ് 16 വരെ ഉണ്ടായ കസ്റ്റഡി മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ റിട്ട. ഹൈകോടതി ജഡ്ജി ആര്‍.രാജേന്ദ്രബാബുവിനെ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. 2006 ഫെബ്രുവരിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വൈ.കെ.അഗര്‍വാള്‍, ജസ്റ്റിസുമാരായ ബി.എന്‍.ശ്രീകൃഷ്ണ ( മുന്‍ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ്), ആര്‍.വി.രവീന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് കസ്റ്റഡി മരണങ്ങള്‍ക്കെതിരെ നിര്‍ണ്ണായകമായ നിര്‍ദ്ദേശങ്ങളായിരുന്നു പുറപ്പെടുവിച്ചിരുന്നത്. 

കസ്റ്റഡി മരണങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് മാനുവല്‍ ശാസ്ത്രീയമായി പരിഷ്‌ക്കരിക്കണമെന്നും കസ്റ്റഡി പീഢനങ്ങളിലുള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെയുള്ള പരാതികള്‍ സ്വതന്ത്ര ഏജന്‍സികളെ ഏല്‍പ്പിക്കണം. കസ്റ്റഡിയിലിരിക്കെ ശാരീരികമായും മാനസികവുമായുള്ള പൊലീസ് പീഢനത്തെ തുടര്‍ന്ന് പ്രതി മരണമടയുകയാണെങ്കില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം, കമ്മീഷന്‍, സി.ബി.ഐ എന്നിവയെ അന്വേഷണത്തിനായി നിയോഗിക്കാമെന്നുണ്ട്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാനും ശാസ്ത്രീയമായ അന്വേഷണ രീതികള്‍ അവലംബിക്കാനും പൊലീസുകാരുടെ മനോഭാവത്തില്‍ മാറ്റം വരണം. 

കേസന്വേഷണത്തിനും മൊഴി രേഖപ്പെടുത്തുന്നതിനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കണം. മഹസ്സര്‍, പ്രഥമ വിവര റിപ്പോര്‍ട്ട്, സാക്ഷിമൊഴി എന്നിവ രേഖപ്പെടുത്തുമ്പോള്‍ സുതാര്യത ഉറപ്പാക്കാന്‍ വീഡിയോ, കമ്പ്യൂട്ടര്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണം, ഉയര്‍ന്ന  പൊലീസുദ്യോഗസ്ഥന്‍മാര്‍ അന്വേഷണ കാര്യങ്ങളും അറസ്റ്റും ചോദ്യം ചെയ്യലും സൂക്ഷമതയോടെ വിലയിരുത്തണമെന്നും പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

വ്യകതമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലും, സുപ്രീംകോടതി നിര്‍ദ്ദേശിച്ച വിധിയിലും വ്യക്തമാക്കുന്നു.
ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട 11 ഇന നിബന്ധനകളാണിത്. കസ്റ്റഡി പീഢനങ്ങള്‍ തടയാനുള്ള ഈ വിധത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് കേരളത്തില്‍ കസ്റ്റഡി പീഡനങ്ങള്‍ പെരുകുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ തന്നെ സമീപിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ തയ്യാറെടുക്കുന്നത്. 

കസ്റ്റഡി പീഡന മരണകേസുകളില്‍ നിലവിലുള്ള നിയമം ശകതമായിരിക്കെ സാക്ഷര കേരളത്തില്‍ ഇത് നടപ്പാകാതെ പോകുന്നത് ഗുരുതരമെന്ന വിലയിരുത്തലിലാണ് മനുഷ്യാവകാശ സംഘടനകളുടെ നിയമപോരാട്ടത്തിനുള്ള തീരുമാനം. തൃശൂരില്‍ ചേരുന്ന യോഗത്തിലേക്ക്  കസ്റ്റഡി മരണ ഇരകളുടെ കുടുംബാംഗങ്ങളെയും യോഗത്തില്‍ പങ്കെടുപ്പിക്കാനാണ് മനുഷ്യാവകാശ സംഘടനകളുടെയും ശ്രമം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടം; 26കാരൻ്റെ ഇടംകൈ റെയിൽവേ ട്രാക്കിൽ അറ്റുവീണു
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്