പട്ടിണി കൊണ്ട് ഇവിടെ മരിച്ചുവീഴുന്നത് ദിവസവും നൂറുകണക്കിന് കുട്ടികള്‍

By Web DeskFirst Published Jul 24, 2016, 2:13 PM IST
Highlights

ആഹാരവും വെള്ളവും പോലുമില്ലാത്ത ഈ കുട്ടികള്‍ക്ക് ആകെക്കൂടി കിട്ടുന്നത് കുറഞ്ഞ അളവില്‍ ആട്ടിന്‍ പാല്‍ മാത്രം. ജനിച്ചു വീണ കുട്ടികള്‍ക്ക് മുതല്‍ കൗമാര പ്രായക്കാര്‍ക്ക് വരെ ഹമായില്‍ ലഭിക്കുന്നത് ഇത് മാത്രമാണ്. യുദ്ധം ഭയന്ന് ജീവനും കൈയ്യില്‍ പിടിച്ച് ഓടിയപ്പോള്‍ ആടുകളെ   കൂടെ കൂട്ടാന്‍ തോന്നിച്ച നിമിഷത്തെ നന്ദിയോടെയാണ് പലരും സ്മരിക്കുന്നത്. കാരണം അത് കൂടിയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു തങ്ങളുടെ കുട്ടികളുടെ അവസ്ഥ എന്നത് പലര്‍ക്കും ഓര്‍ക്കാന്‍ പോലുമാകുന്നില്ല. നാല്‍പ്പതോളം കുട്ടികളാണ് കൊടിയ പട്ടിണി മൂലം ഹമായില്‍ മാത്രം ദുരിതത്തില്‍ കഴിയുന്നത്.  

ഇതിനോടകം തന്നെ നൂറോളം കുട്ടികള്‍ വിശപ്പും ദാഹവും സഹിക്കാനാകാതെ മരിച്ചു വീണു. രോഗപ്രതിരോധ ശേഷി കുറഞ്ഞതിനെ തുടര്‍ന്ന് വിവിധ രോഗങ്ങള്‍ അലട്ടുന്നതിനാല്‍ പലരും മരണത്തിനറെ വക്കിലാണ്. ഹമായിലേതിന് സമാനമാണ് സിറിയയിലെ ഭൂരിപക്ഷം മേഖലകളിലെയും സ്ഥിതി. യൂണിസെഫിന്റെ കണക്കുകളനുസരിച്ച് 50 ലക്ഷത്തോളം പേരാണ് സിറിയയില്‍ ആഹാരവും വെള്ളവും മരുന്നും കിട്ടാതെ വലയുന്നത്. മരുന്നും ആഹാരവും എത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ രംഗത്തുണ്ടെങ്കിലും ഒരു സഹായവുമെത്താത്ത മേഖലകളാണ് സിറിയയിലേറെയും. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ യുദ്ധം രണ്ടര ലക്ഷത്തോളം പേരെ സിറിയയില്‍ കൊന്നൊടുക്കിയപ്പോള്‍ ജീവനും കൊണ്ട് പലായനം ചെയ്യേണ്ടി വന്നത് 43 ലക്ഷം പേര്‍ക്കാണ്.

click me!