എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിക്കാതെ അതിര്‍ത്തി കടന്ന എയര്‍ ഇന്ത്യന്‍ വിമാനത്തെ ഹംഗേറിയന്‍ വ്യോമസേന വളഞ്ഞു

By Web DeskFirst Published Mar 11, 2017, 9:33 AM IST
Highlights

ലണ്ടനിലേക്ക് പോവുകയായിരുന്ന AI-171 വിമാനമാണ് ഹംഗറിയുടെ അതിര്‍ത്തിയില്‍ പ്രദേശിക സമയം പകല്‍ 11 മണിയോടെ അറിയിപ്പ് നല്‍കാതെ പ്രവേശിച്ചത്. ബോയിങ് 787 വിഭാഗത്തില്‍ പെടുന്ന വിമാനത്തില്‍ 231 യാത്രക്കാരും 18 ജീവനക്കാരും ഉണ്ടായിരുന്നു. അഹമ്മദാബാദില്‍ നിന്നുള്ള വിമാനം ഹംഗറിയില്‍ പ്രവേശിച്ചപ്പോള്‍ അവിടുത്തെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചില്ല. തുടര്‍ന്ന് 'അജ്ഞാത' വിമാനത്തെപ്പറ്റി എയര്‍ലൈന്‍ അധികര്‍ വ്യോമസേനയെ അറിയിച്ചു. തുടര്‍ന്ന് യുദ്ധവിമാനം അടമ്പടിയായി എത്തുകയായിരുന്നു. ഉടന്‍ തന്നെ ആശയ വിനിമയം പുനഃസ്ഥാപിച്ച ശേഷം വിമാനത്തെ യാത്ര തുടരാന്‍ അനുവദിച്ചു. വിമാനം സുരക്ഷിതമായി ലണ്ടനില്‍ ഇറങ്ങുകയും ചെയ്തു. ഫ്രീക്വന്‍സി വ്യതിയാനത്തെ തുടര്‍ന്നാണ് ആശയ വിനിമയം സാധ്യമാവാതിരുന്നതെന്നാണ് എയര്‍ ഇന്ത്യ വക്താവ് വിശദീകരിച്ചത്.

ഫെബ്രുവരി 16ന് ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ജെറ്റ് എയര്‍വെയ്സ് വിമാനം എയര്‍ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടാതെ പറന്നതിനെ തുടര്‍ന്ന് ജര്‍മ്മന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ നിരീക്ഷിക്കാനെത്തിയിരുന്നു. ഇന്ത്യന്‍ വിമാനങ്ങള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് രാജ്യത്തിന്റെ വ്യോമസുരക്ഷയെ പറ്റി തെറ്റായ സന്ദേശം നല്‍കുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറഞ്ഞു. കോക്പിറ്റിലോ അല്ലെങ്കില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിലോ ഉള്ള സാങ്കേതിക തകരാറാണ് സാധാരണ ഇത്തരത്തില്‍ സംഭവിക്കാനുള്ള ഒരു കാരണം. അതല്ലെങ്കില്‍ പൈലറ്റുമാര്‍ ക്ഷീണം കാരണം മയങ്ങിപ്പോവുന്നതും കാരണമാവാറുണ്ട്. എന്നാല്‍ ഇതു രണ്ടുമല്ല ഇന്ത്യന്‍ വിമാനങ്ങളുടെ കാര്യത്തില്‍ സംഭവിക്കുന്നതെന്നാണ് വിവരം.

മറ്റൊരു രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുമ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചില്ലെങ്കില്‍ ശത്രു വിമാനമായാണ് അതിനെ കണക്കാക്കുക. റഡാറില്‍ പ്രത്യക്ഷപ്പെടുന്ന ഇവയെ പിന്നീട് കൈകാര്യം ചെയ്യുന്നത് അതത് രാജ്യങ്ങളിലെ സൈന്യമായിരിക്കും. ദീര്‍ഘദൂര വിമാനങ്ങള്‍ ഒരു രാജ്യത്തിന്റെ വ്യോമ അതിര്‍ത്തി വിട്ട് മറ്റൊരു രാജ്യത്തേക്ക് കടക്കുമ്പോള്‍ ഫ്രീക്വന്‍സി മാറ്റി ക്രമീകരിച്ച് അവിടത്തെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

click me!