ഞാന്‍ ഏത് നിമിഷവും ബലാത്സംഗം ചെയ്യപ്പെടാം... കൊല്ലപ്പെട്ടേക്കാം

By Web DeskFirst Published Apr 16, 2018, 10:02 AM IST
Highlights

ആ എട്ടു വയസ്സുകാരിക്ക് നീതി കിട്ടാന്‍ ഞാന്‍ ഉറച്ചു നില്‍ക്കുമെന്ന് ദീപിക പറയുന്നു

ന്യൂഡല്‍ഹി: താന്‍ ഏത് നിമിഷവും ബലാത്സംഗത്തിനിരയായേക്കാമെന്നും കൊല്ലപ്പെട്ടേക്കാമെന്നും മാധ്യമങ്ങളോട് തുറന്നുപറഞ്ഞ് കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും വേണ്ടി ഹാജരാവാന്‍ തയ്യാറായതിന് മറ്റ് അഭിഭാഷകരില്‍ നിന്ന് വലിയ എതിര്‍പ്പാണ് ദീപികയ്ക്ക് നേരിടേണ്ടി വരുന്നത്.

എപ്പോള്‍ വരെ ഞാന്‍ ജീവിച്ചിരിക്കുമെന്ന് എനിക്കറിയില്ല. ഞാന്‍ ഏത് നിമിഷവും ബലാത്സഗത്തിന് ഇരയായേക്കാം. എന്റെ അഭിമാനം പിച്ചിച്ചീന്തപ്പെടും, കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യാം. എന്നോട് ഒരിക്കലും പൊറുക്കില്ലെന്നാണ് ഇന്നലെ ഭീഷണിസന്ദേശം കിട്ടിയത്. ഞാനും അപകടത്തിലാണെന്ന് സുപ്രീം കേടതിയെ ഞാന്‍ അറിയിക്കും-ദീപിക സിങ് രജാവത്ത് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. കോടതിയില്‍ നില്‍ക്കുമ്പോഴാണ് ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി.എസ് സലാതിയ അടുത്ത് വന്ന് കേസില്‍ ഹാജരാകരുതെന്ന് പറഞ്ഞത്. ഞാന്‍ ബാറിലെ അംഗമല്ല എന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ നിങ്ങള്‍ ഹാജരായാല്‍ എങ്ങനെ തടയണം എന്ന് ഞങ്ങള്‍ക്കറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണിയെന്നും അവര്‍ പരഞ്ഞു.

തുടര്‍ന്ന് തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനെ സമീപിക്കുകയായിരുന്നു. ആ എട്ടു വയസ്സുകാരിക്ക് നീതി കിട്ടാന്‍ ഞാന്‍ ഉറച്ചു നില്‍ക്കുമെന്ന് ദീപിക പറയുന്നു. സംഭവത്തില്‍ ഒരു സംഘം അഭിഭാഷകര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതില്‍ നിന്ന് പോലീസുകാരെ തടയാന്‍ ശ്രമിച്ചതിനാണ് അഭിഭാഷകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജമ്മു കാശ്മീര്‍ ബാര്‍ അസോസിയേഷനിലെ അഭിഭാഷകരുടെ നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കമ്മിറ്റിയെ നിയമിച്ചു.

click me!