റഫാല്‍ ഇടപാട്; വ്യക്തമായ മറുപടി ഇല്ല, ഒഴിഞ്ഞ് മാറി ഇമ്മാനുവല്‍ മക്രോണ്‍

By Web TeamFirst Published Sep 26, 2018, 11:03 AM IST
Highlights

കോടികളുടെ കരാര്‍ ഒപ്പിട്ട സമയത്ത് താന്‍ അധികാരത്തിലില്ലായിരുന്നുവെന്നാണ് മക്രോണിന്‍റെ മറുപടി.

പാരിസ്: എന്‍ഡിഎ സര്‍ക്കാരിനെതിരെ ഉയരുന്ന റഫാല്‍ ഇടപാട് അഴിമതിയില്‍ വ്യക്തമായ മറുപടി നല്‍കാതെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍. 36 എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാന്‍  കോടികളുടെ കരാര്‍ ഒപ്പിട്ട സമയത്ത് താന്‍ അധികാരത്തിലില്ലായിരുന്നുവെന്നാണ് മക്രോണിന്‍റെ മറുപടി. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മക്രോണ്‍. 

അനില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യയെന്നായിരുന്നു, റഫാൽ വിവാദത്തിൽ  കേന്ദ്ര സര്‍ക്കാരിന്‍റെയും റിലയൻസിന്‍റെയും വാദം പൊളിച്ച് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാങിന്‍റെ നിര്‍ണായക വെളിപ്പെടുത്തൽ. ഇതിനെ സംബന്ധിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോഴാണ് മാക്രോണ്‍ ഒഴിഞ്ഞ് മാറിയത്. 

ഒലാങ്ങിന്‍റെ വാക്കുകളെ മാക്രോണ്‍ നിഷേധിച്ചില്ല. എന്നാല്‍ എന്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെന്ന് അന്വേഷിക്കട്ടെയെന്നും മക്രോണ്‍ മറുപടി നല്‍കി. 2017 മെയ്യില്‍ ആണ് ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്‍റായി അധികാരത്തിലെത്തിയത്. 2016 ല്‍ ഫ്രാന്‍സ്വ ഒലാങ് പ്രസിഡന്‍റായിരിക്കെയാണ് ഇന്ത്യ ഫ്രാന്‍സുമായി റഫാല്‍ ഇടപാട് നടത്തുന്നത്. 

പങ്കാളിയെ ഫ്രാന്‍സിന് തിരഞ്ഞെടുക്കാൻ കഴിയില്ലായിരുന്നു. ഡസോള്‍ട് കമ്പനി, അനില്‍ അംബാനിയെ തെരഞ്ഞെടുത്തതില്‍ പങ്കില്ല. ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഫ്രാന്‍സ്വ ഒലാങ്ങ് വ്യക്തമാക്കിയിരുന്നു. റഫാൽ നിര്‍മാതാക്കളായ  ഫ്രഞ്ച് കമ്പനി ഡസോള്‍ട്ട് ഏവിയേഷനാണ് ഇന്ത്യയിലെ പങ്കാളിയെ തീരുമാനിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരല്ലെന്നുമായിരുന്നു പ്രതിരോധമന്ത്രിയും മന്ത്രാലയും അത് വരെ വാദിച്ചിരുന്നത്. 

എന്നാല്‍ നരേന്ദ്രമോദിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഒലാങ്ങിന്‍റെ വെളിപ്പെടുത്തല്‍. ഇത് മോദിയ്ക്കെതിരെ കോണ്‍ഗ്രസ് ആയുധമാക്കി. മോദി കാവല്‍ക്കാരനല്ല, കള്ളനാണെന്ന് രാഹുല്‍ ആരോപിച്ചു. അതേസമയം രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം തന്നെ താഴെയിറക്കാന്‍ രാജ്യാന്തര ഗൂഢാലോചനയ്ക്കാണ് കോണ്‍ഗ്രസ് ശ്രമമെന്ന മറുആരോപണമാണ് മോദി ഉന്നയിച്ചത്. തനിക്കെതിരായ ആരോപണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തളരരുതെന്നും എത്ര ചെളി വാരി എറിഞ്ഞാലും അത്രത്തോളം താമര വിരിയുമെന്നായിരുന്നു മോദി കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ക്ക് നല്‍കിയ മറുപടി. 

click me!