- Home
- News
- International News
- ഗള്‍ഫില്‍ യുദ്ധകാഹളം; ഇറാനെത്തേടി യുഎസ് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും; വീണ്ടും പടയൊരുക്കം!
ഗള്‍ഫില്‍ യുദ്ധകാഹളം; ഇറാനെത്തേടി യുഎസ് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും; വീണ്ടും പടയൊരുക്കം!
ഒരു ഭാഗത്ത് സമാധാന ചര്‍ച്ച. മറുഭാഗത്ത് യുദ്ധസന്നാഹം. ഇറാനുമായുള്ള വിഷയത്തില്‍ അമേരിക്ക കൈവിട്ട കളിക്കൊരുങ്ങുകയാണോ? ആണെന്നാണ് പശ്ചിമേഷ്യയിലേക്ക് കടലിലൂടെയും ആകാശത്തിലൂടെയും എത്തുന്ന അമേരിക്കന്‍ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും നല്‍കുന്ന സന്ദേശം.

ചില്ലറയല്ല ഇവിടത്തെ യുദ്ധസന്നാഹം. 2003-ല്‍ ഇറാഖ് യുദ്ധത്തിന് എത്തിച്ചതിലും വലിയ വ്യോമസേനാ വിന്യാസം. എട്ടു വര്‍ഷം നീണ്ടുനിന്ന ഇറാഖ് യുദ്ധത്തേക്കാള്‍ ദീര്‍ഘമായ യുദ്ധത്തിനാണ് അമേരിക്കന്‍ പടപ്പുറപ്പാടെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. റഷ്യയും ഇറാനും സംയുക്ത നാവിക അഭ്യാസം തുടരുന്നതിനിടയിലാണ് അമേരിക്കന്‍ സൈന്യം ഇവിടെ തമ്പടിക്കുന്നത്.
ഡസന്‍ കണക്കിന് ഇന്ധന ടാങ്കര്‍ വിമാനങ്ങളാണ് അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചത്. 50-ലധികം യുദ്ധവിമാനങ്ങള്‍ ഇവിടെയുണ്ട്. ഇതിനുപുറമേ എ35, എ22, എ16 വിഭാഗത്തില്‍പ്പെട്ട ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങള്‍ യൂറോപ്പ് വഴി എത്തിക്കൊണ്ടിരിക്കുകയാണ്. ഡിസ്‌േട്രായറുകളും ക്രൂയിസുകളും മുങ്ങിക്കപ്പലുകളും ഉള്‍പ്പെടുന്ന രണ്ട് വമ്പന്‍ വിമാനവാഹിനിക്കപ്പലുകളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. 80 യുദ്ധവിമാനങ്ങളുള്ള യു.എസ്.എസ് എബ്രഹാം ലിങ്കണ്‍, ഇറാന്‍ തീരത്തുനിന്ന് 700 കിലോമീറ്റര്‍ അകലെയാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇറാനെ ആക്രമിക്കാന്‍ ഉപയോഗിച്ച B2 ബോംബര്‍ വിമാനങ്ങളും മറ്റ് ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങളും അതീവ ജാഗ്രതയിലാണ്.
ഇറാന്റെ ഹ്രസ്വ-മധ്യദൂര മിസൈലുകള്‍, മിസൈല്‍ സംഭരണശാലകള്‍, ആണവ കേന്ദ്രങ്ങള്‍, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ആസ്ഥാനം തുടങ്ങിയ സൈനിക ലക്ഷ്യങ്ങളാണ് അമേരിക്കയുടെ പുതിയ ലക്ഷ്യം. ആക്രമണത്തിന്റെ വ്യാപ്തിയും ലക്ഷ്യസ്ഥാനങ്ങളും തീരുമാനിക്കാനുള്ള അന്തിമ അധികാരം ട്രംപിനാണ്. ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോഴും കഴിഞ്ഞ മാസം വരെ പെന്റഗണിന് അതിനാവശ്യമായ സന്നാഹം പശ്ചിമേഷ്യയില്‍ ഉണ്ടായിരുന്നില്ല. എട്ട് സ്ഥിരം താവളങ്ങളിലായി ചിതറിക്കിടക്കുന്ന 40,000 വരെ യുഎസ് സൈനികര്‍ക്ക് ഇറാന്‍ തിരിച്ചടിച്ചാല്‍ പ്രതിരോധിക്കാന്‍ ആവശ്യമായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കുറവായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതല്ല കഥ. കഴിഞ്ഞ മാസം തന്നെ പേട്രിയറ്റ്, താഡ്, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ അമേരിക്ക ഇവിടെ എത്തിച്ചുകഴിഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ ഇവയ്ക്ക് കഴിയും.
ഈ വാരാന്ത്യത്തില്‍ തന്നെ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാനുള്ള അധികാരം പ്രസിഡന്റ് ട്രംപിന് നല്‍കുന്ന രീതിയിലാണ് നീക്കങ്ങളെന്നാണ് പെന്റഗണ്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യുദ്ധമോ സമാധാനമോ എന്ന നിര്‍ണ്ണായക തീരുമാനത്തിന്റെ നേരമാണിത്. എങ്ങനെ മുന്നോട്ട് പോകണം എന്ന കാര്യത്തില്‍ ഒരു സൂചനയും ട്രംപ് ഇതുവരെ നല്‍കിയിട്ടില്ല. അതിനിടയിലാണ് ഇറാന്റെ ആണവ പദ്ധതിയേയും ബാലിസ്റ്റിക് മിസൈലുകളേയും അവയുടെ വിക്ഷേപണ കേന്ദ്രങ്ങളേയും ആക്രമിക്കാന്‍ ശേഷിയുള്ള സൈനിക സന്നാഹം ഒരുങ്ങുന്നത്.
ഇസ്രായേലിനെതിരെ മിസൈല്‍ തൊടുക്കാനുള്ള ഇറാന്റെ ശേഷി തകര്‍ക്കണമെന്നാണ് ഇസ്രായേല്‍ ആവശ്യപ്പെടുന്നത്. ആഴ്ചകളായി അതീവ ജാഗ്രതയിലായിരുന്ന ഇസ്രായേല്‍ സൈന്യം ഒരു വന്‍യുദ്ധത്തിന് തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. അമേരിക്കയുമായി ചേര്‍ന്ന് സംയുക്ത ആക്രമണം നടത്തുന്നതിനായി വലിയ തയ്യാറെടുപ്പുകള്‍ നടക്കുന്നതായി ഇസ്രായേല്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ചര്‍ച്ചകളില്‍ ഇതുവരെ വഴങ്ങാത്ത ഇറാനെ വിട്ടുവീഴ്ചകള്‍ക്ക് നിര്‍ബന്ധിതരാക്കുന്ന തരത്തില്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ശക്തമായ തിരിച്ചടി നല്‍കാനാണ് പദ്ധതിയെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.
യുദ്ധം ചെയ്യില്ലെന്ന വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന ട്രംപ് ഒരു വര്‍ഷത്തിനിടെ ഏഴാമത്തെ സൈനിക ആക്രമണത്തെക്കുറിച്ചുള്ള ആലോചനയിലാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ഇറാനെതിരെയുള്ള രണ്ടാം ആക്രമണത്തെക്കുറിച്ചാണ് ട്രംപ് ഇപ്പോള്‍ ആലോചിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ഇറാന്റെ ആണവ പദ്ധതി 'പൂര്‍ണ്ണമായും ഇല്ലാതാക്കിയതായി പ്രഖ്യാപിച്ച ട്രംപ് പഴയതെല്ലാം വിഴുങ്ങി ഇറാന്‍ ആണവപദ്ധതി തകര്‍ക്കുമെന്ന വായ്ത്താരികളിലാണ്. പക്ഷേ, കഴിഞ്ഞ ജൂണിലെ ആക്രമണത്തില്‍ നിന്ന് വ്യത്യസ്തമായി, ട്രംപ് ഇക്കാര്യത്തില്‍ ഒരു സൂചനയും നല്‍കുന്നില്ല.
ജനുവരിയില്‍ ഇറാനെ ആക്രമിക്കുമെന്നാണ് ട്രംപ് ആദ്യം ഭീഷണി മുഴക്കിയിരുന്നത്. ഇറാന്‍ പ്രക്ഷോഭങ്ങളായിരുന്നു അന്നതിന് കാരണമായി പറഞ്ഞത്. എന്നാല്‍, ആ ഭീഷണിയില്‍ നിന്ന് ട്രംപ് പെട്ടെന്ന് പിന്മാറി. അത്തരം ഒരു നീക്കത്തിന് പൂര്‍ണ്ണ സജ്ജമല്ലെന്ന് പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ഈ പിന്മാറ്റം. ഇപ്പോള്‍ ആണവപരിപാടിയാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ കയറ്റുമതിയുടെ നിര്‍ണ്ണായക പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ടെഹ്റാന്‍ നേരത്തെ പ്രതികരിച്ചിരുന്നത്. ഈ വാഗ്വാദങ്ങള്‍ ഒരു പ്രാദേശിക യുദ്ധം ഉണ്ടാകുമെന്ന ഭീതി വര്‍ദ്ധിപ്പിക്കുകയും, സംഘര്‍ഷം തടയാന്‍ ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളുടെ നയതന്ത്ര ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ്, യുദ്ധഭീഷണിയില്‍നിന്ന് ട്രംപ് പിറകോട്ട് പോയത്.
ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ കയറ്റുമതിയുടെ നിര്‍ണ്ണായക പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ടെഹ്റാന്‍ നേരത്തെ പ്രതികരിച്ചിരുന്നത്. ഈ വാഗ്വാദങ്ങള്‍ ഒരു പ്രാദേശിക യുദ്ധം ഉണ്ടാകുമെന്ന ഭീതി വര്‍ദ്ധിപ്പിക്കുകയും, സംഘര്‍ഷം തടയാന്‍ ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളുടെ നയതന്ത്ര ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ്, യുദ്ധഭീഷണിയില്‍നിന്ന് ട്രംപ് പിറകോട്ട് പോയത്.
എട്ട് മാസങ്ങള്‍ക്ക് മുമ്പ് 12 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ഇസ്രായേലും അമേരിക്കയും ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങളെ ആക്രമിച്ചിരുന്നു. മറ്റൊരു ആക്രമണം കൂടി നടത്തിയാല്‍ പശ്ചിമേഷ്യയെ അത് അപകടത്തിലേക്ക് വലിച്ചിഴക്കുമെന്നാണ് ആശങ്കകള്‍. ഇസ്രായേലിനും മേഖലയിലെ യുഎസ് സൈനികര്‍ക്കും നേരെ ഇറാന്‍ ശക്തമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തുമെന്നാണ് മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

