ജിഷ കൊലക്കേസ്: തിരിച്ചറിയല്‍ പരേഡ് തിങ്കളാഴ്‌ച നടക്കും

By Web DeskFirst Published Jun 19, 2016, 2:25 PM IST
Highlights

കുളിക്കടവിലെ തര്‍ക്കമാണ് മാത്രമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന പ്രതിയുടെ വാദം മുഖവിലക്കെടുക്കേണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ജിഷയുടെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തെന്ന പ്രതിയുടെ വെളിപ്പെടുത്തലിലും വൈരുദ്ധ്യങ്ങളുണ്ട്.

നാളെ ഉച്ചയോടെയാകും കാക്കനാടുളള ജില്ലാ ജയിലില്‍ പ്രതിയുടെ തിരിച്ചറിയില്‍ പരേഡ് നടക്കുക. പ്രതിക്കൊപ്പം നില്‍ക്കുന്നതിനായി രൂപ സാദൃശ്യമുളള പത്ത് അന്യസംസ്ഥനതൊഴിലാളികളെയും കണ്ടെത്തിയിട്ടുണ്ട്. സംഭവം ദിവസം പ്രതിയെ കണ്ടുവെന്ന് പറയപ്പെടുന്ന ആറുപേര്‍ക്ക് ഹാജരാകാന്‍ സമണ്‍സും നല്‍കിയിട്ടുണ്ട്. ഇതിനിടെ കേരളത്തില്‍ നിന്നുളള പൊലീസ് സംഘം പ്രതി അമീറിന്റെ ആസാമിലെ വീട്ടിലെത്തി അമ്മയുടെ അടക്കം മൊഴി രേഖപ്പെടുത്തി.

എന്നാല്‍ ചോദ്യം ചെയ്യലിനിടെ പ്രതി അമിനുള്‍ ഇസ്ലാം നല്‍കിയ മൊഴികള്‍ പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. കുളിക്കടവിലെ തര്‍ക്കം മാത്രമാവില്ല ഹീനമായ കൃത്യത്തലേക്ക് നയിച്ചതിന് പിന്നിലെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞതുപോലെ ജിഷയുമായി മുന്‍ പരിചയമോ വീടുമായി അടുപ്പമോ ഉണ്ടായിരുന്നോ എന്നറിയാനായി അമ്മ രാജേശ്വരിയുടെ മൊഴി വീണ്ടും എടുക്കുന്നത് ആലോചനയിലാണ്. കൃത്യത്തിനിടെ ജിഷയുടെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തെന്ന പ്രതിയുടെ മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ടെന്ന് ഫോറന്‍സിക് വിദഗ്ധരും പറയുന്നു. 100 എം എല്‍ രക്തത്തില്‍ 93 മില്ലി ഗ്രാം മദ്യത്തിന്റെ അംശമാണ് പരിശോധനയില്‍ തിരിച്ചറിഞ്ഞത്. ഇത് രക്തത്തില്‍ കലരണമെങ്കില്‍ ഒന്നര മണിക്കൂര്‍വരെ സമയമെടുക്കും. മരണസമയത്താണ് മദ്യം ഉളളില്‍ച്ചെന്നതെങ്കില്‍ അത് രക്തത്തില്‍ കലരുമായിരുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ സാംപിളുകള്‍ ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ക്കൂടി പരിശോധിക്കുന്നുണ്ട്. ജിഷയുടെ ശരീരത്തില്‍കണ്ട മുടിയിഴകള്‍, വീട്ടിനുളളില്‍നിന്ന് ലഭിച്ച ബിഡിക്കെട്ട് എന്നിവയും പ്രതിയുടേത് തന്നെയോ എന്നും തിരിച്ചറിയേണ്ടതുണ്ട്.

click me!