
തിരുവനന്തപുരം: ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളെ സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ച ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കും. കളക്ടര്‍ സ്വതന്ത്രമായി അന്വേഷണം നടത്തിയായിരിക്കും റിപ്പോര്‍ട്ട് നല്‍കുക. ആവശ്യമെങ്കില്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിക്കും.
കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ദേവികുളത്തുണ്ടായ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നു കാണിച്ച് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാല്‍ ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വതന്ത്രമായതും മജിസ്റ്റീരിയില്‍ തലത്തിലുമുള്ള അന്വേഷണം നടത്താന്‍ കളക്ടര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇരു ഭാഗത്തമുള്ളവരുടെ വാദങ്ങള്‍ കളക്ടര്‍ കേള്‍ക്കും. ഇതിനായി അവശ്യമെങ്കില്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെ വിളിച്ചു വരുത്തും. റവന്യൂ വകുപ്പിന്റെ ഭാഗത്തു നിന്നും ദേവികുളം സബ്കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ രണ്ടും പരിഗണിച്ചായിരിക്കും ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്ന് ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കളക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കയ്യേറ്റമൊഴിപ്പിക്കാന്‍ പോകുന്നതിനു മുമ്പ് പൊലീസിനെ അറിയിച്ചില്ലെന്നാണ് എസ് പി റിപ്പോര്‍ട്ട് നല്‍കിയത്. ദേവികുളം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സബ്കളക്ടര്‍ ഉള്‍പ്പെടെയുള്ള കയ്യേറ്റമൊഴിപ്പിക്കല്‍ സംഘത്തിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. ഒരു എസ് ഐയുടെ നേതൃത്വത്തില്‍ രണ്ടു വനിതാ പൊലീസുകാരുള്‍പ്പെടെ എട്ടു പേരടങ്ങുന്ന സംഘത്തെ ഇതിനായി പ്രത്യേകം നിയോഗിക്കും. ആവശ്യമെങ്കില്‍ ക്യാംപില്‍ നിന്നുള്ള പൊലീസിനെയും അയക്കും. ഇതിനായി 72 പേരടങ്ങുന്ന സംഘത്തെയും തയ്യാറാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam