
തൊടുപുഴ: കെ.എം.മാണിയെ മുന്നണിയിൽ സഹകരിപ്പിക്കുന്നത്പരിഗണിക്കണമെന്ന് സി.പി.എം ഇടുക്കി ജില്ല സമ്മേളനത്തിൽ പൊതുഅഭിപ്രായം. സമ്മേളനം ഇന്ന് അവസാനിക്കും. വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സി.പി.എം നേതാക്കളെയും സർക്കാറിനെയും അവഹേളിക്കുന്ന നിലപാടാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇടുക്കി ജില്ല നേതൃത്വവും നടത്തുന്നത്. കുറുക്കുവഴിയിലൂടെ പാർട്ടിയെ വളർത്താനും പ്രതിഛായ മിനുക്കാനുമാണ് ഇവരുടെ ശ്രമം. ഇപ്പോഴത്തെ സാഹചര്യത്തിൽ സി.പി.ഐയേക്കാൾ കൂറ് മാണിയിൽ നിന്ന് പ്രതീക്ഷിക്കാമെന്നും അഭിപ്രായമുയർന്നു. മന്ത്രി എം.എം. മണിയെ ശത്രുപക്ഷത്തേക്കാൾ കടുത്ത ഭാഷയിലാണ് സി.പി.ഐ ജില്ല സെക്രട്ടറി അധിക്ഷേപിക്കുന്നത്. ഇതിനെതിരെ ജില്ലാ നേതൃത്വം പ്രതികരിച്ചില്ല. മൂന്നാറിലെ കുടിയേറ്റക്കാരെ സംരക്ഷിക്കണമെന്നും ഭൂമി ഇല്ലത്തവർക്ക് സ്ഥലം നൽകണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. തൊടുപുഴയിലെ വിഭാഗീയത ഇപ്പോഴും തുടരുന്നുണ്ട്. ഇവിടെ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടുണ്ടായിട്ടും ജില്ല നേതൃത്വം ഇടപെട്ടില്ല. സംസ്ഥാന കമ്മറ്റിയംഗമായ കെ.പി.മേരിയും അനധികൃത സ്വത്ത് സന്പാദനം സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഭൂമി പ്രശ്നങ്ങളിൽ സർക്കാരിന്റേത് മെല്ലെപ്പോക്കാണെന്ന വിമർശനത്തിന് പരിഹരിക്കേണ്ടത് ബന്ധപ്പെട്ട വകുപ്പുകളാണെന്ന് സിപിഐയുടെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ജില്ല കമ്മറ്റിയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. കെ.കെ. ജയചന്ദ്രൻ തന്നെ ജില്ല സെക്രട്ടറിയായി തുടരാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam