
പൈനാവ്: ഇടുക്കി അണക്കെട്ട് ഒരാഴ്ചക്കുള്ളിൽ തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 2394.28 അടിയിലെത്തിയിരിക്കുകയാണ്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങളെല്ലാം കാര്യക്ഷമമാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ ചൊവ്വാഴ്ച ചെറുതോണി അണക്കെട്ട് തുറന്ന് ട്രയൽ റൺ നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് ഇടുക്കി ജില്ലാ കലക്ടർ ജീവൻ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇടുക്കി അണക്കെട്ടിൽ ഒരടി വെള്ളമാണ് ഇന്ന് ഉയർന്നത്. ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 2,403 അടിയിലെത്താൻ ഇനി വേണ്ടത് ഒന്‍പത് അടി വെള്ളം മാത്രം. ജലനിരപ്പ് 2,395 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കൺട്രോൾ റൂം തുറക്കും. ഷട്ടറുകൾ തുറന്നാൽ വെള്ളമൊഴുകുന്ന ചെറുതോണി മുതൽ പനങ്കുട്ടി വരെയുള്ള വരെയുള്ള പ്രദേശങ്ങളിലെ തടസ്സങ്ങൾ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ നീക്കി തുടങ്ങി.
അണക്കെട്ട് തുറന്നാൽ മാറ്റിപ്പാർപ്പിക്കേണ്ടി വരുന്നവർക്ക് നാളെ നോട്ടീസ് നൽകും. ആദ്യഘട്ടത്തിൽ നൂറോളം കുടുംബങ്ങളെ മാറ്റപ്പാർക്കിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. വെള്ളം പൊങ്ങാൻ സാധ്യതയുള്ള മരിയാപുരം വാഴത്തോപ്പ്, കൊന്നത്തടി, കഞ്ഞിക്കുഴി, വാത്തിക്കുടി എന്നിവിടങ്ങളിലെ ടൂറിസം വിലക്കി. പാലങ്ങളിൽ കൂട്ടം കുടി നിൽക്കുന്നതും സെൽഫി എടുക്കുന്നതും തടയാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ചൊവ്വാഴ്ച ട്രയൽ റണ്‍ നടത്തുമെന്ന വാര്‍ത്ത ജില്ലാ കളക്ടര്‍ നിഷേധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam