പരിസ്ഥിതി ലോല പ്രദേശം: ഇടുക്കിയില്‍ വീണ്ടും സമരം

By Web DeskFirst Published Jan 28, 2017, 1:32 AM IST
Highlights

ചെറുതോണി: കസ്തൂരി രംഗൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വിഷയത്തിൽ ഇടുക്കിയിൽ വീണ്ടും സമരം ആരംഭിച്ചു. കോൺഗ്രസ്സ് ഇടുക്കി ജില്ലാ കമ്മറ്റിയാണ് ഇപ്പോൾ സമരം രംഗത്തെത്തിയിരിക്കുന്നത്.  സംസ്ഥാനത്തെ 123 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയിലാണെന്നു കാണിച്ച് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെന്നാരോപിച്ചാണ് സമരം. സമരത്തിൻറെ ഭാഗമായി ചെറുതോണിയിൽ ഏകദിന ഉപവാസം നടത്തി.

ഇടുക്കി–കോട്ടയം ജില്ലകളുടെ അതിർത്തിയിലുള്ള കൂട്ടിക്കൾ വില്ലേജിൽ പാറമട അനുവദിച്ച കേസ്സുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ  ദിവസം സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.  കേന്ദ്ര സർ‍ക്കാരിൻറെ കരട് വിജ്ഞാപനം നില നിൽക്കുന്നതിനിൽ കൂട്ടിക്കൽ വില്ലേജിൽ ക്വാറി അനുവദിക്കാൻ പാടില്ലെന്ന് സർക്കാർ നിലപാടെടുത്തു.  

ഇതിനായി സംസ്ഥാനത്ത് 123 പരിസ്ഥിതി ലോല വില്ലേജുകളിൽ ഉൾപ്പെട്ടതാണ് കൂട്ടിക്കലുമെന്നു കാണിച്ചാണ് അപ്പീൽ നൽകിയത്.  ഇതാണ് കോൺഗ്രസ്സ് ഇപ്പോൾ ആയുധമാക്കിയിരിക്കുന്നത്. അപ്പീൽ അനുവദിക്കപ്പെട്ടാൻ പരിസ്ഥിതി ലോല മേഖലയിലെ എല്ലാ നിയന്ത്രണങ്ങളും ഈ 123 വില്ലേജുകൾക്കും കേന്ദ്ര സർക്കാർ ബാധകമാക്കുമെന്നാണ് സമരക്കാരുടെ വാദം.  

 പത്തനംതിട്ടയിൽ ജില്ലയിൽ ക്വാറി അനുവദിക്കുന്ന കേസ്സിലും സർക്കാർ ഇത്തരത്തിൽ സത്യാവാങ്മൂലം നൽകിയിരുന്നു. ഇത് കർഷകരെ ദ്രോഹിക്കാനാണെന്നും കോൺഗ്രസ്സ് കുറ്റപ്പെടുത്തുന്നു. കോൺഗ്രസ്സ് ജില്ല, ബ്ലോക്ക്, മണ്ഡലം ഭരവാഹികളാണ് ഉപവാസത്തിൽ പങ്കെടുത്തത്.

click me!