കെഎസ്ആർടിസി സമരം: മുന്നറിയിപ്പുമായി എംഡി, പിന്മാറിയില്ലെങ്കിൽ സർക്കാരിനോട് ആലോചിച്ച് നടപടി

By Web TeamFirst Published Jan 16, 2019, 11:18 AM IST
Highlights

സമരത്തിലുള്ള യൂണിയനുകളുടെ പല ആവശ്യങ്ങളും അംഗീകരിച്ചതാണെന്നും സമരത്തിൽ നിന്ന് പിൻമാറണമെന്നും എംഡി ടോമിൻ തച്ചങ്കരി.

തിരുവനന്തപുരം: കെഎസ്ആർടിസി അനിശ്ചിതകാലപണിമുടക്കിൽ നിന്ന് യൂണിയനുകൾ പിൻമാറണമെന്ന് കെഎസ്ആർടിസി എം‍ഡി ടോമിൻ തച്ചങ്കരി. സമരത്തിലുള്ള യൂണിയനുകളുടെ പല ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുള്ളതാണ്. സമരത്തിൽ നിന്ന് പിൻമാറിയിട്ടില്ലെങ്കിൽ സർക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും കെഎസ്ആർടിസി എംഡി മുന്നറിയിപ്പ് നൽകി.

കെഎസ്ആർടിസിയിലെ വിവിധ യൂണിയനുകൾ സംയുക്തമായാണ് അനിശ്ചിതകാല പണിമുടക്കുമായി രംഗത്തുവന്നിരിക്കുന്നത്. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ന് അർധരാത്രി മുതൽ പണിമുടക്ക് തുടങ്ങുന്നത്.

കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധിയും, പ്രശ്നങ്ങളും നിലനില്‍ക്കുമ്പോഴും പണിമുടക്കല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ മുന്നിലില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഉള്‍പ്പെട്ട സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മാനേജ്മെന്‍റ് തലത്തിലുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടുകയുള്ളൂവെന്നാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്.

click me!