അഷ്ടമുടി കായലില്‍ കുറ്റിവലകള്‍ കീറിയെറിഞ്ഞ് ബോട്ടുകള്‍ വിലസുന്നു

By Web DeskFirst Published Jul 8, 2018, 11:14 AM IST
Highlights
  • കുറ്റിവലകള്‍ നശിപ്പിച്ച് യന്ത്രവല്‍കൃ ബോട്ടുകള്‍
  • സംഭവം അഷ്ടമുടിക്കായലില്‍
  • നടപടി സ്വീകരിക്കാതെ ഫിഷറീസ് വകുപ്പ്
  • നഷ്ടം നേരിട്ട് പരമ്പരാഗത തൊഴിലാളികള്‍

കൊല്ലം: അഷ്ടമുടി കായലില്‍ നിയമം ലംഘിച്ച് ഓടിക്കുന്ന യന്ത്ര ബോട്ടുകള്‍ കുറ്റിവലകള്‍ വ്യാപകമായി നശിപ്പിക്കുന്നു. കുറ്റിവലകള്‍ക്കൊപ്പം നിരവധി പേരുടെ ജീവിത മാര്‍ഗം കൂടിയാണ് ബോട്ടുകള്‍ ഇല്ലാതാക്കുന്നത്. ട്രോളിംഗ് നിരോധന സമയത്ത് ബോട്ടുകള്‍ സ്വന്തം യാഡുകളിലേക്ക് മാറ്റണമെന്ന വ്യവസ്ഥയും അട്ടിമറിച്ചാണ് ബോട്ടണ്ണന്‍മാര്‍ വിലസുന്നത്. കുറ്റിവലകള്‍ നശിപ്പിക്കുന്നതിനാല്‍ പരമ്പരാഗതമായി മീൻ പിടിക്കുന്ന പാവങ്ങള്‍ക്ക് പറയാനുള്ളത് നഷ്ടങ്ങളുടെ കഥമാത്രമാണ്.

കായലില്‍ വലിയ തടികഷ്ണങ്ങള്‍ കുത്തിവച്ച് വലകെട്ടി മീൻ പിടിക്കുന്ന ആളാണ് മാര്‍ഗരറ്റ്‍. കായല്‍ തീരത്ത് സ്വന്തം വീടിനോട് ചേര്‍ന്നാണ് മാര്‍ഗരറ്റ് ഈ കുറ്റിവലകള്‍ സ്ഥാപിച്ചിരിക്കുന്നത്. വലകളെല്ലാം ബോട്ടുകള്‍ കയറ്റി പൊട്ടിച്ചെറിഞ്ഞിരിക്കുന്നു.

വലകള്‍ സ്ഥാപിക്കാൻ വര്‍ഷം തോറും ഫിഷറീസ് വകുപ്പിന് 1500 രൂപയും നല്‍കുന്നുണ്ട്. എന്നാല്‍ കൂറ്റൻ യന്ത്രബോട്ടുകള്‍ ഈ വലയ്ക്ക് മുകളിലൂടെ ഓടിച്ച് കയറ്റി അത് പൊട്ടിച്ചിടും. ചില സ്ഥലങ്ങളില്‍ കുറ്റിവലയുടെ മുകളിലൂടെ തന്നെ ബോട്ട് നിര്‍ത്തിയിട്ടിരിക്കുന്നു. കുറ്റിവല ഉപയോഗിച്ച് മീൻപിടിക്കുന്നവരെല്ലാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണിത്.

ഒരു കുറ്റിവലയ്ക്ക് 3000 രൂപവരെയാണ് വില. ബോട്ട് കയറി പൊട്ടുമ്പോള്‍ മാറ്റി വാങ്ങാൻ ഇവരുടെ ചെറിയ വരുമാനം അനുവദിക്കുന്നില്ല. ഫിഷറീസ് വകുപ്പിന് നിരവധി തവണ പരാതി നല്‍കി. പക്ഷേ കാര്യമൊന്നുമുണ്ടായില്ല. 

click me!