സബ്കളക്ടര്‍ നല്‍കിയ സ്റ്റോപ് മെമ്മോ അവഗണിച്ച് പള്ളിവാസലില്‍ അനധികൃത നിർമ്മാണം തുടരുന്നു

By Web DeskFirst Published Feb 11, 2018, 9:53 AM IST
Highlights

മൂന്നാർ: പള്ളിവാസലിൽ റവന്യൂ വകുപ്പ് രണ്ടുവട്ടം സ്റ്റോപ് മെമ്മോ നൽകിയ റിസോർട്ട് വീണ്ടുമുയരുന്നു. അനധികൃത നിർമ്മാണത്തിനെതിരെ, വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയെടുക്കുമെന്ന് ദേവികുളം സബ് കളക്ടർ പറഞ്ഞു.

പള്ളിവാസൽ രണ്ടാം മൈലിലെ പരിസ്ഥിതി ദു‍ർബല മേഖലയിൽ ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെ നാലുനിലകളിൽ ഉയരുന്നത് റിസോർട്ടിനായുള്ള രണ്ട് കെട്ടിടങ്ങൾ. 2016ൽ നി‍ർമ്മാണം തുടങ്ങിയപ്പോൾ തന്നെ, കളക്ടറുടെ നിരാക്ഷേപ പത്രമില്ലെന്ന് കാട്ടി റവന്യൂവകുപ്പ് കെട്ടിടത്തിന് സ്റ്റോപ് മെമ്മോ നൽകി. ഇതവഗണിച്ച് നിർമ്മാണം തുടർന്നതിനെ തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബറിലും നിർമ്മാണം നിർത്തിവയ്ക്കാൻ ജില്ലാഭരണകൂടം ഉത്തരവിട്ടു. മാസങ്ങളോളം അനക്കമില്ലാതെ കിടന്ന കെട്ടിടത്തിന്റെ പണിയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും തുടങ്ങിയത്. 

പള്ളിവാസൽ രണ്ടാംമൈൽ സ്വദേശി ജോബിൻ ജോർജ് എന്നയാളുടെ കൈവശമുള്ള 13 സെന്റിലാണ് നിർമ്മാണം. മതിയായ രേഖകൾ ഇല്ലാതെയാണ് നിർമ്മാണമെന്ന് പള്ളിവാസൽ വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, കെട്ടിടത്തിന് നമ്പറും വൈദ്യുതി കണക്ഷനും നൽകരുതെന്ന് പഞ്ചായത്തിനോടും, കെഎസ്ഇബിയോടും സബ് കളക്ടർ നിർദേശിച്ചു. സ്ഥിരം നിരീക്ഷണത്തിന് സ്ഥലത്ത് പൊലീസിനെ നിയോഗിക്കാനും സബ്കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.

click me!