സൗദിയില്‍ ഇന്ത്യക്കാരടക്കം ഏഴര ലക്ഷത്തോളം നിയമലംഘകര്‍ പിടിയിലായി

By Web DeskFirst Published Mar 11, 2018, 12:22 AM IST
Highlights
  • നിയമലംഘകരില്ലാത്ത രാജ്യം കാമ്പയിന്‍
  • ഇതുവരെ 7,47,170 നിയമലംഘകര്‍ പിടിയിലായി
     

റിയാദ്: സൗദിയില്‍ ഏഴര ലക്ഷത്തോളം നിയമലംഘകര്‍ പിടിയിലായതായി അധികൃതര്‍ അറിയിച്ചു. താമസ നിയമലംഘകരാണ് പിടിയിലായവരില്‍ ഭൂരിഭാഗവും. ഒന്നേമുക്കാല്‍ ലക്ഷത്തിലധികം പേരെ ഇതിനകം നാടു കടത്തിയതായും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി സൗദിയില്‍ നാല് മാസം മുമ്പ് ആരംഭിച്ച റെയ്ഡില്‍ ഇതുവരെ 7,47,170 നിയമലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ഇതില്‍ 530,404 പേര്‍ താമസ നിയമലംഘകരും, 152,333 പേര്‍ തൊഴില്‍ നിയമലംഘകരും 64,333 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരുമാണ്. അതിര്‍ത്തി വഴി സൌദിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ 10,390 പേരെ പിടികൂടി. ഇതില്‍ അറുപത്തിരണ്ടു ശതമാനം യമനികളും മുപ്പത്തിയഞ്ചു ശതമാനം എത്യോപ്യക്കാരുമാണ്. നിയമലംഘകര്‍ക്ക് സഹായം നല്‍കിയ 1489 പേരും പിടിയിലായി. ഇതില്‍ 225 പേര്‍ സ്വദേശികള്‍ ആണ്. നിയമലംഘകരായ 182,866 പേരെ ഇതിനകം നാടു കടത്തിയതായും മന്ത്രാലയം അറിയിച്ചു.

 നാടു കടത്താനുള്ള 104,343 പേര്‍ക്ക് യാത്രാ രേഖകള്‍ ശരിയാക്കാന്‍ ബന്ധപ്പെട്ട എംബസികളോടു ആവശ്യപ്പെട്ടിട്ടുണ്ട്. നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള പൊതുമാപ്പ് അവസാനിച്ചതിന് ശേഷമാണ് നാല് മാസം മുമ്പ് വ്യാപകമായ റെയ്ഡ് ആരംഭിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും താമസ തൊഴില്‍ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിയിലായിട്ടുണ്ട്.
 

click me!