പാടം നികത്തല്‍: തോമസ് ചാണ്ടിക്ക് വേണ്ടി കലക്ടര്‍ റിപ്പോര്‍ട്ട് പൂഴ്ത്തി

Published : Aug 17, 2017, 12:37 PM ISTUpdated : Oct 05, 2018, 03:17 AM IST
പാടം നികത്തല്‍: തോമസ് ചാണ്ടിക്ക് വേണ്ടി കലക്ടര്‍ റിപ്പോര്‍ട്ട് പൂഴ്ത്തി

Synopsis

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള പ്രധാനവഴിയിലും പാര്‍ക്കിംഗ് സ്ഥലത്തും അനധികൃത നിലം നികത്തെന്ന് കണ്ടെത്തിയിട്ടും അന്നത്തെ ജില്ലാ കളക്ടര്‍ എന്‍ പത്മകുമാര്‍ എല്ലാം നിയമാനുസൃതമാക്കിക്കൊടുത്തു. നികത്തല്‍ നടക്കുമ്പോള്‍ സ്ഥലം സന്ദര്‍ശിച്ച ആര്‍ഡിഒ അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിലും അനധികൃത നികത്ത് കണ്ടെത്തിയിട്ടും റിപ്പോര്‍ട്ട് തോമസ് ചാണ്ടിക്ക് വേണ്ടി അട്ടിമറിച്ചു.

 റിസോര്‍ട്ട് കമ്പനിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത ആര്‍ഡിഒ റിപ്പോര്‍ട്ട് കളക്ടര്‍ മാസങ്ങള്‍ പൂഴ്ത്തി വെച്ചു. വില്ലേജോഫീസര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ കൊണ്ട് ഒന്നരവര്‍ഷം പണി തടസ്സപ്പെട്ടു എന്നതാണ് പരാതി കൊണ്ടുണ്ടായ ഏകനേട്ടം. നെല്‍കൃഷി ചെയ്യുന്ന പാടത്ത് പിന്നീട് അനധികൃത നികത്തലിന്‍റെ ഘോഷയാത്രയായിരുന്നു.. ഏഷ്യാനെറ്റ്ന്യൂസ് അന്വേഷണം.

മന്ത്രി തോമസ് ചാണ്ടി കോടികള്‍ മുടക്കി പണിത റിസോര്‍ട്ടിലേക്ക് പുന്നമടക്കായല്‍ വഴി മാത്രമായിരുന്നു അഞ്ച് വര്‍ഷം മുമ്പ് വരെ പ്രവേശനം. റോഡ് മാര്‍ഗ്ഗം റിസോര്‍ട്ടിലെത്തിലെത്തുക എന്ന ലക്ഷ്യമായിരുന്നു മന്ത്രി തോമസ് ചാണ്ടിക്ക്. ഒടുവില്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തിയും ഉദ്യോഗസ്ഥരെ സ്വന്തം കൈപ്പിടിയില്‍ നിര്‍ത്തിയും കൃഷി ചെയ്യുന്ന വയല്‍നികത്തി തോമസ് ചാണ്ടി അത് നേടിയെടുത്തു. ആ റോഡിന് പിന്നില്‍ നടന്നതെന്ത് അന്വേഷിച്ച് ഏഷ്യാനെറ്റിന് കിട്ടിയ വിവരങ്ങള്‍ ഇങ്ങനെ.

ഏഴുവര്‍ഷം മുമ്പാണ് കൃഷി ചെയ്യുന്ന പാടശേഖരം നികത്തി എംപി ഫണ്ട് ഉപയോഗിച്ച് മന്ത്രി തോമസ് ചാണ്ടി ലേക് പാലസിന് മുന്നിലൂടെയുള്ള വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മിക്കാന്‍ തുടങ്ങുന്നത്. റോഡിന്‍റെ പ്രാഥമിക നിര്‍മ്മാണം പൂര്‍ത്തിയായതോടെയാണ് ലേക്ക് പാലസ് റിസോര്‍ട്ടിന്‍റെ  പ്രധാന ഗേറ്റിനുമുന്നിലും വെള്ളം ഒഴുകിപ്പോകുന്ന ചാലിനോട് ചേര്‍ന്നും തോമസ് ചാണ്ടി അഞ്ച് കൊല്ലം മുമ്പ് അനധികൃത നിലം നികത്ത് തുടങ്ങുന്നത്. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും നാട്ടുകാര്‍ നികത്ത് തടഞ്ഞു.

എന്നാല്‍ ഈ പ്രശ്നങ്ങളും എല്ലാം കള്കട്രേറ്റില്‍ നിന്ന് എല്ലാം ശരിയായി വന്നു. എങ്ങനെയാണ് ഈ അനധികൃത നികത്ത് ശരിയാക്കിയത്.  അനധികൃത നിലം നികത്ത് തടഞ്ഞ പ്രദേശവാസികള്‍ വില്ലേജ് ഓഫീസിലും ആര്‍ഡിഒയ്ക്കും ആലപ്പുഴ ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. പിന്നാലെയെത്തിയ വില്ലേജോഫീസര്‍ 2012 ഒക്ടോബറില്‍ മൂന്നിടങ്ങളിലായി അനധികൃത നിലം നികത്തലാണെന്ന് കാണിച്ച് റിപ്പോര്‍ട്ടും പ്രവൃത്തികള്‍ക്ക് സ്റ്റോപ്പ് മെമ്മോയും നല്‍കി.  ആര്‍‍ഡിഒ നടത്തിയ അന്വേഷണത്തിലും കടുത്ത നിയമലംഘനം തന്നെയാണെന്ന് കണ്ടെത്തി. 

ഈ റിപ്പോര്‍ട്ടില്‍ എല്‍ ആകൃതിയില്‍ കാണുന്നതില്‍ വലിയ ഭാഗമാണ് ഈ കാണുന്ന പ്രധാന ഗേറ്റ്. നീളത്തില്‍ കിടുക്കുന്നതാണ് ഇപ്പോഴത്തെ പാര്‍ക്കിംഗ് സ്ഥലം. ഇതുള്‍പ്പടെ മൂന്ന് അനധികൃത നികത്തലുകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സെകെച്ചില്‍ പ്രത്യേകം എഴുതിവച്ചു. ചുരുക്കത്തില്‍ അന്ന് സ്ഥലം സന്ദര്‍ശിച്ച വില്ലേജോഫീസറും അഡീഷണല്‍ തഹസില്‍ദാറും ആര്‍ഡിഒയും തയ്യാറാക്കിയത് ഒരേ റിപ്പോര്‍ട്ട്. അനധികൃത നികത്തുണ്ടെന്നും നടപടി വേണമെന്നും. നടപടിയാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് അന്നത്തെ ജില്ലാ കളക്ടര്‍ക്ക് കൈമാറി. 

മാസങ്ങളോളം ആ റിപ്പോര്‍ട്ട് അനങ്ങിയില്ല. നടപടിയുണ്ടായില്ല. പരാതിക്കാരനും ഇന്നത്തെ ആലപ്പുഴ നഗരസഭയിലെ തിരുമല വാര്‍ഡിലെ കൗണ്‍സിലറുമായ  ജയപ്രസാദ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെതിരെ നടപടിയില്ലാതായപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചു. ആര്‍ഡിഒ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചു.  

പക്ഷേ ചെയ്തത് മറ്റൊന്നായിരുന്നു. നേരത്തെ നിയമലംഘനവും അനധികൃത നികത്തും കണ്ടെത്തിയ ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെ അപ്പോഴേക്കും പുതുതായി എത്തിയ ആസാദ് ആര്‍ഡിഒയെക്കൊണ്ട് 2014 സെപ്തംബര്‍ മാസം മറ്റൊരു റിപ്പോര്‍ട്ട് തയ്യാറാക്കി. പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ കളക്ടറോട് ഹൈക്കോടതി ഒരിടത്തും പറഞ്ഞിരുന്നില്ല. പക്ഷേ എന്നിട്ടും തോമസ് ചാണ്ടിക്ക് വേണ്ടി അദ്ദേഹമത് ചെയ്തു. പ്രധാന നികത്തൊന്നും നികത്തല്ലെന്നും പണി തുടരാമെന്നും പറഞ്ഞ് ജില്ലാ കളക്ടര്‍ എല്ലാം നിയമാനുസൃതമാക്കിക്കൊടുത്തു. 

എൻ പത്മകുമാര്‍ എന്ന ആലപ്പുഴയിലെ മുന്‍ ജില്ലാ കളക്ടറുടെ ഒരു കണ്ടെത്തല്‍ ഇതാണ്. പാര്‍ക്കിംഗിന് വേണ്ടി നികത്തിയത് കര്‍ഷകര്‍ക്ക് വളം കൊണ്ടുപോകുന്നതിനും കര്‍ഷകരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുമാണെന്ന്. എന്നാല്‍ പത്മകുമാര്‍ ഐഎഎസ് ഇപ്പോള്‍ ഈ സ്ഥലം കാണണം. ഈ പ്രദേശത്ത് കാണുന്ന ആഡംബര വാഹനങ്ങള്‍ ഏത് കര്‍ഷകത്തൊഴിലാളിയുടേതാണെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.  കമ്പിവല കൊണ്ട് സംരക്ഷിച്ച് കൂറ്റന്‍ ഗേറ്റും സ്ഥാപിച്ച് സെക്യൂരിറ്റിയെയും ഇരുത്തിയിരിക്കുന്നു. എല്ലാം നിയമാനുസൃതമായ ശേഷം പിന്നെ അനധികൃത നിലം നികത്തലിന്‍റെ പൊടിപൂരമായിരുന്നു കൃഷി ചെയ്തുവന്ന ഈ പാടശേഖരത്തില്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി