മണല്‍ക്കൊള്ള: വീട് കടലെടുക്കുമെന്ന ഭീതിയില്‍ വീടുപേക്ഷിക്കാനൊരുങ്ങി എരഞ്ഞോളി മൂസ

By Web DeskFirst Published Jul 25, 2016, 11:40 PM IST
Highlights

കണ്ണൂര്‍: കടലെടുക്കുമെന്ന ഭീതിയില്‍ തലശ്ശേരിയിലെ സ്വന്തം വീട് ഉപേക്ഷിക്കേണ്ട ഗതികേടിലാണ് മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ.അനധികൃത മണലെടുപ്പില്‍ കടല്‍ഭിത്തി തകര്‍ന്നതാണ് മൂസയുടെ വീടിന് ഭീഷണിയായത്.പ്രദേശത്തെ മണല്‍ക്കൊളളയ്‌ക്കതിരെ ശബ്ദിച്ചതിന് എരഞ്ഞോളി മൂസയ്‌ക്ക് നേരെ വധശ്രമമുണ്ടായിരുന്നു.

പാട്ടിനോളം പ്രിയമുണ്ട് എരഞ്ഞോളി മൂസയ്‌ക്ക് സ്വന്തം വീടിനോടും ദേശത്തോടും.തലശ്ശേരി കടല്‍പ്പാലത്തിലേക്ക് നോട്ടമെത്തുന്ന വീട്ടില്‍ അരനൂറ്റാണ്ടിലധികമായി മൂസക്കയും കുടുംബവും കഴിയുന്നു.ഇന്നതെല്ലാം വേദനയോടെ പറിച്ചുനടാന്‍ ഒരുങ്ങുകയാണ് മൂസ. മണല്‍ക്കൊളള കടല്‍ഭിത്തി തകര്‍ത്തപ്പോള്‍ ഏത് നിമിഷവും തിരയെടുക്കാവുന്ന നിലയിലായി വീട്.മണലൂറ്റുകാരോട് പോരാടിയിട്ടും ഫലമുണ്ടായില്ല.ഒരിക്കല്‍ വധശ്രമത്തില്‍ വരെയെത്തി പക.കടല്‍ വീടിനോട് അടുക്കുന്തോറും ആധിയായി.അങ്ങനെയാണ് മറ്റൊരിടത്തേക്ക് മാറാനുളള ആലോചന.

ഇന്ദിരാ പാര്‍ക്ക് മുതല്‍ കടല്‍പ്പാലം വരെയുളള ഭാഗത്ത് തകര്‍ന്ന കടല്‍ഭിത്തി പുതുക്കിപ്പണിയാന്‍ ഇതുവരെ നടപടിയൊന്നുമായില്ല.മണലെടുപ്പ് തുടര്‍ന്നതോടെ ബാക്കിയുളള പ്രദേശങ്ങളും കടല്‍ക്ഷോഭ ഭീഷണിയിലായി.എരഞ്ഞോളി മൂസയെപ്പോലെ നിരവധിപേര്‍ കുടിയൊഴിഞ്ഞുപോകാനൊരുങ്ങുന്നു. മനസ്സിലാമനസ്സോടെയാണ് പുതിയ വീടിനായുളള അന്വേഷണം.അതുകൊണ്ട്  ഒരു വീണ്ടുവിചാരം പ്രതീക്ഷിക്കാമെന്നും പറയുന്നു മൂസക്ക.

click me!