ദില്ലിയിൽ ആരോഗ്യ അടിയന്തരാവസ്ഥ; പ്രൈമറി സ്കൂളുകൾക്ക് ഇന്ന് അവധി

By Web DeskFirst Published Nov 8, 2017, 9:08 AM IST
Highlights

ദില്ലി: ദില്ലിയിൽ അന്തരീക്ഷ മലിനീകരണം അതീവ രൂക്ഷമെന്നും ആരോഗ്യ അടിയന്തരാവസ്ഥയാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന്  പ്രൈമറി സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അയൽ സംസ്ഥാനങ്ങളിൽ കൃഷി കഴിഞ്ഞ പാടം കത്തിക്കുമ്പോഴുള്ള പുകയാണ് ദില്ലിയിലെ അന്തരീക്ഷം മലിനീകരിക്കുന്നതെന്ന നിലപാടിലാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. 

മലിനീകരണ തോത് കണക്കാക്കുന്ന എയർപൊലൂഷൻ ഇന്‍റക്സ് പ്രകാരം അന്തരീക്ഷ മലിനീകരണം ശരാശരി 500ന് മുകളിലാണ്. ദിവസം 50 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് സാഹചര്യം. ആരോഗ്യ അടിയന്തരാവസ്ഥയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിശേഷിപ്പിച്ച സാഹചര്യത്തിൽ സർക്കാർ പ്രൈമറി സ്കൂളുകൾക്ക് അവധി നൽകി. അസംബ്ലിയടക്കം ക്ലാസ്റൂമിന് പുറത്തുള്ള പ്രവർത്തനങ്ങളും നിരോധിച്ചു. 

അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രക്കുകളെ ദില്ലിയില്‍ നിരോധിക്കും. പൊതുസ്ഥലത്ത് നിർമാണ പ്രവർത്തനങ്ങളും പാടില്ലെന്നും പാർക്കിംഗ് ഫീ 4 മടങ്ങ് വർധിപ്പിച്ച് സ്വകാര്യവാഹനങ്ങളെ നിരുത്സാഹപ്പെടുത്തണമെന്ന് മലിനീകരണ നിയന്ത്രണ അതോറിറ്റി ദില്ലി സർക്കാരിനോട് ശുപാർശ ചെയ്തു. നവംമ്പർ 19ന് നടത്താനിരുന്ന ദില്ലി ഹാഫ് മാരത്തോണിനും നിരോധനം വന്നേക്കും. പ്രഭാത സവാരിയടക്കം അധികസമയം പുറത്ത് ചെലവഴിക്കരുതെന്ന് ആരോഗ്യ മന്ത്രാലയവും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 

click me!