മംഗലൂരു വിമനത്താവളത്തില്‍ പ്രവാസികള്‍ക്ക് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പീഡനം

By Web DeskFirst Published Mar 14, 2017, 7:50 PM IST
Highlights

മംഗലൂരു: മംഗലൂരു വിമാനത്താവളത്തിൽ നിന്നും ഗൾഫിലേക്ക് യാത്ര ചെയ്യുന്ന മലയാളികളെ ഇമിഗ്രെഷൻ ഉദ്യോഗസ്ഥർ നിസാര കാരണങ്ങളുടെ പേരിൽ പീഡിപ്പിക്കുന്നതായി പരാതി. കൈക്കുഞ്ഞടക്കം മൂന്നു കുട്ടികളുമായി  ഖത്തറിലേക്ക് പോകാനൊരുങ്ങിയ മഞ്ചേശ്വരം സ്വദേശിനിയായ യുവതിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച അധികൃതർ തിരിച്ചയച്ചത്.  ഒന്നര ലക്ഷം രൂപയോളം നഷ്ടം സഹിച്ചാണ് ഇവർ പിന്നീട് കോഴിക്കോട് വഴി ഖത്തറിലേക്ക് യാത്ര  തിരിച്ചത്

ഖത്തറിൽ താമസ വിസയുള്ള മഞ്ചേശ്വരം കുറവത്തൂർ സ്വദേശി അബ്ദുൽ ഖാദറിന്റെ ഭാര്യക്കും മൂന്നു കുട്ടികൾക്കുമാണ് മംഗലൂരു വിമാനത്താവളത്തിലെ എമിഗ്രെഷൻ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ദുരിതമനുഭവിക്കേണ്ടി വന്നത്. വെള്ളിയാഴ്ച വൈകീട്ട് 5.30 നു പുറപ്പെടുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ യാത്ര തിരിക്കേണ്ടിയിരുന്ന ഇവരെ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. പാസ്പോർടിലെ അഡ്രസ് പേജിൽ  തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിലുള്ള ചെറിയ  കേടുപാടുകൾ ചൂണ്ടിക്കാട്ടിയാണ് ഏറെ വൈകി തന്നെയും കുഞ്ഞുങ്ങളെയും യാത്ര ചെയ്യാൻ അനുവദിക്കാതെ ഉദ്യോഗസ്ഥർ തിരിച്ചയച്ചതെന്ന് ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വീട്ടിലേക്ക് തിരിച്ചുപോയ യുവതിയും കുഞ്ഞുങ്ങളും പിന്നീട് രണ്ടു ദിവസം കഴിഞ്ഞു കോഴിക്കോട്ടു നിന്നുള്ള ജെറ്റ് എയർവേയ്സ് വിമാനത്തിൽ ഖത്തറിലേക്ക് തിരിക്കുകയായിരുന്നു. ഗൾഫിൽ നിന്നും തിരിച്ചുവരുന്ന യാത്രക്കാരുടെ വിസാപേജ് ഇളക്കി മാറ്റുന്നതുൾപ്പെട്ട മംഗലൂരു വിമാനത്താവളത്തിലെ എമിഗ്രെഷൻ ഉദ്യോഗസ്ഥർക്കെതിരെ നേരത്തെയും നിരവധി യാത്രക്കാർ പരാതികൾ ഉന്നയിച്ചിരുന്നു.

ഈ സാഹചര്യത്തിൽ മംഗലൂരു വിമാനത്താവളത്തിലെ എമിഗ്രെഷൻ ഉദ്യോഗസ്ഥരുടെ വിവേചനപരമായ പെരുമാറ്റങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർ പറയുന്നു.

click me!