രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടിനായി യുഡിഎഫ് എംഎല്‍എമാരെ സമീപിച്ച് ബിജെപി

By Web DeskFirst Published Jul 9, 2017, 11:21 AM IST
Highlights

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന്‍റെ ഒരു വോട്ടിന് പുറമേ വോട്ടുകള്‍ നേടാന്‍ ബിജെപി നീക്കം തുടങ്ങി. ആറ് യുഡിഎഫ് എംഎല്‍എമാരെയാണ് ബിജെപി സമീപിച്ചിരിക്കുന്നത് എന്നാണ് ദ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രയോഗിച്ച രീതിയില്‍ പ്രതിപക്ഷത്ത് വിള്ളലുണ്ടാക്കി വോട്ട് നേടാനുള്ള രീതിയാണ് ബിജെപി കേരളത്തില്‍ എടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ആറ് എംഎല്‍എമാരുമായി സംസാരിച്ചതായി ബിജെപിയുടെ മുതിര്‍ന്ന ഭാരവാഹി സമ്മതിച്ചതായി പത്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരു സ്വതന്ത്ര്യ എംഎഎല്‍എയും യുഡിഎഫ് എംഎല്‍എമാരുമാണ് ഉള്ളത്. എന്‍ഡിഎ പ്രസിഡന്‍റായ രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യാന്‍ ഇവരോട് അഭ്യര്‍ത്ഥിച്ചതായി ബിജെപി നേതാവ് ദി ഹിന്ദുവിനോട് പറയുന്നു. നിലവില്‍ ഒ രാജഗോപാലിന്‍റെ വോട്ട് മാത്രമാണ് കേരളത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കുള്ളത്.

അതിനാല്‍ തന്നെ കേരളത്തിലും, പോണ്ടിച്ചേരിയിലും തന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒഴിവാക്കിയിരുന്നു. അതേ സമയം ബിജെപിയുടെ ഒരു മുതിര്‍ന്ന ജനറല്‍ സെക്രട്ടറിയാണ് കേരളത്തില്‍ നിന്നും കൂടുതല്‍ വോട്ട് നേടാനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രാജഗോപാലിന് പുറമേ ചില വോട്ടുകള്‍ ലഭിച്ചാല്‍ സംസ്ഥാനത്ത് ബിജെപിക്ക് രാഷ്ട്രീയമായി അത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. 

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഇതിനകം തന്നെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരകുമാറിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. അതേ സമയം ബംഗാളില്‍ തൃണമൂലിന്‍റെ ചില എംഎല്‍എമാരുടെ വോട്ട് ബിജെപി ഉറപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു നീക്കം കേരളത്തിലും ബിജെപി പ്രതീക്ഷിക്കുന്നു.

click me!