
ആലപ്പുഴ: ഓരുവെള്ള ഭീഷണി രൂക്ഷമായതിനെ തുടര്‍ന്ന് കുട്ടനാട്, അപ്പര്‍കുട്ടനാട്, അമ്പലപ്പുഴ മേഖലകളിലെ കര്‍ഷകര്‍ ഭീതിയില്‍. കുട്ടനാട്ടിലെ ഭൂരിഭാഗം പാടശേഖരങ്ങളിലും രണ്ടാം കൃഷിക്കഴിഞ്ഞ് പുഞ്ച കൃഷി വിത തുടങ്ങിയിട്ട് മൂന്ന് മാസത്തോളമേ ആയിട്ടുള്ളൂ. മൂന്നുമാസം കൂടിക്കഴിഞ്ഞാന്‍ മാത്രമെ ഇവിടെ വിളവെടുപ്പ് നടക്കുകയുള്ളൂ. ഇങ്ങനെ ഓരുവെള്ള ഭീഷണി തുടര്‍ന്നാല്‍ പുഞ്ചകൃഷി താറുമാറാകുo. കാലാവസ്ഥാ വ്യതിയാനമാണ് ഓരുവെള്ള ഭീഷണിക്കുള്ള പ്രധാനകാരണം.
ഓരുമുട്ടുകളും റെഗുലേറ്ററുകളും ഇല്ലാത്തതും കടല്‍ ജലം തോട്ടപ്പള്ളിവഴി കുട്ടനാടന്‍ പാടശേഖരങ്ങളില്‍ എത്തുന്നത് ഓരുവെളള ഭീഷണിക്ക് ആക്കം കൂട്ടുകയാണ്. മാത്രമല്ല വരള്‍ച്ച ആരംഭിച്ചതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി താന്നു. ഇത് ഉപ്പുവെള്ളത്തിന് കായലിലേക്ക് കയറുന്നതിന് കാരണമായി. തോടുകളിലുo നദികളിലും ജലനിരപ്പ് താഴ്ന്നത് പുഞ്ചകൃഷിയെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങി. തോട്ടപ്പള്ളി പൊഴിതുറന്നു കിടക്കുന്നത് കുട്ടനാട്ടിലെ കൃഷിയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജലാശയങ്ങളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയത് മൂലം പാടശേഖരങ്ങളിലേയ്ക്ക് വെള്ളം കയറ്റുവാന്‍ സാധിക്കുന്നില്ല. ഇത്മൂലം 90 ദിവസം കഴിഞ്ഞ നെല്‍ച്ചെടികള്‍ വാടി തുടങ്ങി.