Latest Videos

നടി സനുഷയ്ക്കെതിരായ അതിക്രമം: പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

By Web DeskFirst Published Feb 2, 2018, 7:46 PM IST
Highlights

തൃശൂർ: മാവേലി എക്സപ്രസില്‍ നടി സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.

നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ റെയിൽവേ പോലീസാണ് കന്യാകുമാരി വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ അറസ്റ്റ് ചെയ്തത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം. എസി എവൺ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന സനുഷ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഷൊർണുരിനും തൃശൂരിനും ഇടയിൽ വച്ചാണ് സംഭവം. നടി വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ തൃശൂരിലെത്തിയപ്പോൾ, റെയിൽവേ പോലീസ് ഇയാളെ പിടികൂടി. നടിയുടെ പരാതിയിൽ തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, ശല്യം ചെയ്തയാൾക്കെതിരെ ശക്തമായി പ്രതികരിക്കാനും പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കാനും ധൈര്യംകാട്ടിയ നടിയ്ക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം നൽകി. ഡിജിപിയുടെ ബോർഡ് റൂമിൽ നടന്ന ചടങ്ങിൽ പോലീസ് മേധാവി ലോക്നാഥ് ബെ്ഹറ സനുഷയെ അനുമോദിച്ചു. പ്രതിസന്ധി ഘട്ടത്തിൽ കാട്ടിയ ധൈര്യത്തിന് പൊലീസിന്റെ സർട്ടിഫിക്കറ്റും ഡി.ജി.പി സനുഷയ്ക്ക് സമ്മാനിച്ചു.


 

click me!