
ബ്രസല്‍സ്: നാറ്റോയിലെ അംഗരാജ്യങ്ങൾ മിലിട്ടറി ഫണ്ടിലേക്ക് ഇരട്ടി തുക നൽകണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ജര്‍മനി റഷ്യയുടെ തടവിലാണെന്ന് ട്രംപ് ആരോപിച്ചു. യുഎസും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത കൂടുതൽ പ്രകടമാക്കിയാണ് ബ്രസൽസിൽ നാറ്റോ ഉച്ചകോടിക്ക് തുടക്കമായയത്.
നോർത്ത് അറ്റ്‍ലാറ്റിക് ട്രീറ്റി ഓർഗനൈസേഷനിൽ യുഎസ് പ്രതിനിധിയായി എത്തിയ ഡോണൾഡ് ട്രംപ് ആദ്യദിനം തന്നെ ജർമനിയെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ജർമനി റഷ്യയുടെ തടവിലാണെന്ന് പ്രധാന ആരോപണം. റഷ്യ-ജർമൻ സംരംഭമായ നോർഡ് സ്ട്രീം വാതക പൈപ്പ‍്‌ലൈൻ പദ്ധതിയെ ഉന്നമിട്ടായിരുന്നു പരാമർശം.
നിങ്ങളുടെ സംരക്ഷണത്തിനായി പണം ചെലവിടുന്നത് യുഎസ് ആണ്. എന്നാൽ, നിങ്ങൾ പണം തിരിച്ചുനൽകുന്നത് റഷ്യക്കും. ട്രംപ് കടുപ്പിച്ചു. യൂറോപ്പിനെ സംരക്ഷിക്കുന്ന യുഎസിന് പ്രതിഫലം നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അംഗരാജ്യങ്ങൾ രാജ്യങ്ങൾ ആഭ്യന്തരോത്പാദനത്തിന്റെ നാല് ശതമാനം സൈന്യത്തിനായി നീക്കിവയ്ക്കണമെന്നാണ് ട്രംപ് പറയുന്നത്.
അങ്ങനെയെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലെ അമേരിക്കൻ സൈനികരെ പിൻവലിക്കുകയും അതുവഴി അമേരിക്കയുടെ ചെലവ് കുറക്കുകയും ചെയ്യാം എന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്. ട്രംപിന്‍റെ ആരോപണങ്ങൾക്ക് ജർമൻ ചാൻസലർ അതേനാണയത്തിൽ മറുപടി നൽകി. ജർമനിക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനാകുമെന്ന് മെർക്കൽ മുന്നറിയിപ്പ് നൽകി. ഇറക്കുമതിത്തീരുവ സംബന്ധിച്ച തർക്കങ്ങളാണ് യുഎസിനെയും യൂറോപ്പിനെയും രണ്ടുതട്ടിൽ നിർത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam