അയോധ്യ ക്ഷേത്രക്കൊള്ള സിബിഐക്ക് വിടുന്നതും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പരിഗണനയില്‍. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ള സിബിഐക്ക് വിടുന്നതും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പരിഗണനയില്‍. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അയോധ്യ ബാര്‍ അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കി. ചമ്പത് റായിയാണ് പണം തട്ടിയതെന്നും തന്‍റെ സഹോദരനെ ബലിയാടാക്കുകയായിരുന്നെന്നും കേസിലെ മുഖ്യ പ്രതി ടിന്നു യാദവിന്‍റെ സഹോദരന്‍ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അയോധ്യ പൊലീസാണ് രാമക്ഷേത്രത്തില്‍ നടന്ന കോടികളുടെ കൊള്ളയെ കുറിച്ച് അന്വേഷണം നടത്തുന്നത്. നഷ്ടപ്പെട്ട പണമോ ആഭരണമോ എത്രയെന്ന് ഇനിയും തിട്ടപ്പെടുത്താന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക സംഘത്തിനുമായിട്ടില്ല. വലിയ സാമ്പത്തിക തിരിമറി നടന്ന കേസായതിനാലാണ് സിബിഐക്കോ ഇഡിക്കോ വിട്ടാലോയെന്ന ആലോചന യുപി സര്‍ക്കാരിലുള്ളത്. എന്നാല്‍, പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച ട്രസ്റ്റിനെതിരെ ആരോപണം കടുക്കുമ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതും കണക്കായിരിക്കുമെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

അതേസമയം, ചമ്പത് റായിയുടെ സന്തത സഹചാരിയായിരുന്നു ടിന്നു യാദവെന്ന് സഹോദരന്‍ ദിനേഷ് യാദവ് വെളിപ്പെടുത്തി. 20 വര്‍ഷമായി ഒപ്പമുള്ള ടിന്നു ചമ്പത് റായിയുടെ അറിവില്ലാതെ ഒരു രൂപ പോലും മോഷ്ടിക്കില്ലെന്നും സഹോദരന്‍ ആരോപിച്ചു. ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അയോധ്യയില്‍ പ്രതിഷേധ പ്രകടനം നടത്തിയ ബാര്‍ അസോസിയേഷന്‍ പൊലീസില്‍ നേരിട്ട് പരാതി നല്‍കി. ക്ഷേത്രത്തില്‍ നിന്ന് തട്ടിയെടുത്ത പണം കൊണ്ട് പ്രതിയായ ലവ് കുശ് മിശ്ര അയോധ്യയില്‍ നിര്‍മ്മിക്കുന്ന വീട് ഇടിച്ച് നിരത്താനും തീരുമാനിച്ചു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്ന ലവ് കുശ് മിശ്ര ക്ഷേത്ര ജീവനക്കാരനായതിന് പിന്നാലെ ഒരു കോടി രൂപ മുടക്കി വീട് നിര്‍മ്മിക്കുകയായിരുന്നു. തിങ്കളാഴ്ച ട്രസ്റ്റ് യോഗം നടക്കാനിരിക്കേ പുനസംഘടനയില്‍ പ്രധാനമന്ത്രിയും ആര്‍എസ്എസ് നേതൃത്വവും ചര്‍ച്ച തുടങ്ങി. കൂടുതല്‍ ആത്മീയ നേതാക്കളെ ട്രസ്റ്റിലേക്ക് കൊണ്ടുവരാനാണ് നീക്കം.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News