
പാലക്കാട്: പാലക്കാട് അതിരൂക്ഷമായ വരള്‍ച്ചയെ നേരിടുമ്പോഴും വിജയ് മല്യയുടെ യുണൈറ്റഡ് ബ്രിവറീസിന് വാട്ടര്‍ അതോറിറ്റി നല്‍കുന്നത് പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം. സാധാരണക്കാര്‍ക്ക് കുടിവെള്ളം ദിവസം ഒരു മണിക്കൂര്‍ മാത്രം വിതരണം ചെയ്യുമ്പോഴാണ് രണ്ട് മദ്യകമ്പനികള്‍ക്കായി അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളം വാട്ടര്‍ അതോറിറ്റി വിതരണം നല്‍കുന്നത്.
വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കാര്‍ഷിക ആവശ്യത്തിന് നല്‍കുന്നത് പോലും നിര്‍ത്തിയ മലമ്പുഴ ഡാമിലെ വെള്ളമാണ് രണ്ട് മദ്യകമ്പനികള്‍ക്കായി വാട്ടര്‍ അതോറിറ്റി ശുദ്ധീകരിച്ച് നല്‍കുന്നത്. പുതുശ്ശേറി പഞ്ചായത്തിലെ മിക്കയിടങ്ങളിലും ദിവസം ഒരു മണിക്കൂര്‍ മാത്രം വെള്ളം കിട്ടുമ്പോള്‍ വിജയ് മല്യയുടെ യുണൈറ്റഡ് ബ്രീവറീസിനും എംപി ഡിസ്ലറീസിനും സര്‍ക്കാര്‍ 24 മണിക്കൂറും വെള്ളം നല്‍കും. അതും ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് നേരിട്ട്. ബിജെപി ജില്ലാ സെക്രട്ടറി പി രാജീവിന് നല്‍കിയ മറുപടിയിലാണ് രണ്ട് മദ്യകമ്പനികള്‍ക്ക് പ്രതിദിനം 533000. ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് നല്‍കുന്നുണ്ടെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കിയത്.
മദ്യകമ്പനികള്‍ക്ക് വെള്ളം യഥേഷ്‌ടം ലഭിക്കുമ്പോള്‍ തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ക്ക് താഴെ രാത്രിയിലും കാത്തിരിക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാര്‍. പുതുശ്ശേരി, കഞ്ചിക്കോട്, വാളയാര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് 4 മില്യണ്‍ സംഭരണശേഷിയുള്ള രണ്ട്ടാങ്കുകളാണ് പുതുശ്ശേരിയിലുള്ളത്. തുലാമഴയും വേണ്ടത്ര കിട്ടാതായതോടെയാണ് കഴിഞ്ഞ രണ്ട് മാസമായി കുടിവെള്ള വിതരണം ഒരു മണിക്കൂര്‍ മാത്രമായി പരിമിതപ്പെടുത്തിയത്. പാലക്കാട് ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയെ അഭിമുഖീകരിക്കാനൊരുങ്ങുമ്പോഴും, മദ്യക്കമ്പനികള്‍ക്ക് യഥേഷ്‌ടം വെള്ളം നല്‍കുന്നതിനെതിരെ, സമരങ്ങള്‍ക്കൊരുങ്ങുകയാണ് പ്രദേശവാസികള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam