വയനാട്ടില്‍ വന്‍തോതില്‍ സര്‍ക്കാര്‍ മരങ്ങള്‍ മുറിച്ച് കടത്തുന്നു

Web Desk |  
Published : Apr 20, 2018, 10:05 PM ISTUpdated : Jun 08, 2018, 05:50 PM IST
വയനാട്ടില്‍ വന്‍തോതില്‍ സര്‍ക്കാര്‍ മരങ്ങള്‍ മുറിച്ച് കടത്തുന്നു

Synopsis

120 സെന്റിമീറ്ററില്‍ കൂടുതല്‍ വണ്ണമുള്ള 1093 വീട്ടിമരങ്ങളാണ് ഇപ്പോള്‍ മുറിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

വയനാട്: ചൂടിനെ പ്രതിരോധിക്കാന്‍ പ്രകൃതിയെയും മരങ്ങളെയും സംരക്ഷിക്കണമെന്ന് പറയുമ്പോഴും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലക്ഷകണക്കിന് രൂപയുടെ വീട്ടിമരങ്ങള്‍ മുറിച്ചു കടത്തുന്നു. വിമുക്ത ഭടന്മാര്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയിലെ സര്‍ക്കാരിന് അവകാശപ്പെട്ട മരങ്ങളാണ് മുറിച്ചുമാറ്റുന്നത്. അഞ്ച് പഞ്ചായത്തുകളില്‍ നിന്ന് ഇത്തരം ഭൂമിയിലെ 1093 വീട്ടിമരങ്ങള്‍ മുറിച്ച് സര്‍ക്കാര്‍ ഡിപ്പോയിലെത്തിക്കാനാണ് സ്വകാര്യവ്യക്തികള്‍ക്ക് അധികൃതര്‍ കരാര്‍ നല്‍കിയിരിക്കുന്നത്. 

മൂപ്പൈനാട്, അമ്പലവയല്‍, നെന്മേനി, സുല്‍ത്താന്‍ബത്തേരി, നൂല്‍പ്പുഴ പഞ്ചായത്തുകളിലാണ് രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടന്മാരെ പുനരധിവവസിപ്പിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നിലമ്പൂര്‍ കോവിലകത്ത് നിന്ന് വാങ്ങിയ ഭൂമിയുള്ളത്. 1969 ല്‍ ഈ ഭൂമിക്ക് പട്ടയം നല്‍കുമ്പോള്‍ തേക്ക്, വീട്ടി എന്നിവ സര്‍ക്കാരിലേക്ക് അധികാരപ്പെടുത്തിയിരുന്നു. തേക്കുകള്‍ 1995 ല്‍ തന്നെ സര്‍ക്കാര്‍ മുറിച്ചു വിറ്റു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ വീട്ടിമരങ്ങള്‍ മുറിക്കുന്നത്. 

120 സെന്റിമീറ്ററില്‍ കൂടുതല്‍ വണ്ണമുള്ള 1093 വീട്ടിമരങ്ങളാണ് ഇപ്പോള്‍ മുറിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അമ്പലവയല്‍, മൂപ്പൈനാട് പഞ്ചായത്തുകളില്‍ ഏതാനും മരങ്ങള്‍ മുറിച്ച് തടിയാക്കി മാറ്റിക്കഴിഞ്ഞു. അമ്പതോളം തൊഴിലാളികളാണ് പലയിടങ്ങളിലായുള്ള മരങ്ങള്‍ മുറിച്ച് വാഹനത്തില്‍ കയറ്റി സുല്‍ത്താന്‍ബത്തരി കുപ്പാടിയിലും കോഴിക്കോട് ചാലിയത്തുമുള്ള ഡിപ്പോകളില്‍ എത്തിക്കുന്നത്. അതേ സമയം പാരിസ്ഥിതിക പ്രശ്നങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന ജില്ലയില്‍ സര്‍ക്കാര്‍ തന്നെ നടത്തുന്ന കൂട്ടമരംമുറി നിര്‍ത്തി വെക്കണമെന്ന് ആവശ്യം പല കോണുകളില്‍ നിന്നുയര്‍ന്ന് കഴിഞ്ഞു. 

ഹരിതകേരള മിഷന് കോടികള്‍ ചിലവിടുന്ന സര്‍ക്കാര്‍ തന്നെ പരിസ്ഥിതിയെ നശിപ്പിക്കുകയാണെന്നാണ് ആക്ഷേപം. 400 വര്‍ഷം വരെ പഴക്കം ചെന്ന വീട്ടിമരങ്ങള്‍ ഇപ്പോള്‍ മുറിക്കുന്നവയിലുണ്ടെന്ന് പറയുന്നു. മാത്രമല്ല വയനാട്ടിലെ വീട്ടിമരങ്ങള്‍ക്ക് നിലമ്പൂര്‍ തേക്കിനേക്കാളും വിലവരുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ക്യുബിക് മീറ്ററിന് രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് വില. മരംമുറി നിര്‍ത്തിവെക്കാന്‍ അടിയന്തര ഉത്തരവ് നല്‍കുന്നതിനോടൊപ്പം വലിപ്പവും പ്രായവും കണക്കാക്കി വൃക്ഷങ്ങളുടെ കൈവശക്കാര്‍ക്ക് സംരക്ഷണ ചെലവ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന ആവശ്യവും ശക്തമാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യോ​ഗി ആദിത്യനാഥിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കേസ്
മദ്യവിൽപ്പനക്കാരനായി ബെഹ്റ, ആദ്യ കുപ്പി വാങ്ങി എംആർ അജിത്കുമാർ വൈറ്റില മെട്രോ സ്റ്റേഷനിൽ ബെവ്‌കോ ആദ്യ പ്രീമിയം ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു