08:50 AM (IST) Nov 09

malayalam news live ദീപാവലി ആഘോഷങ്ങൾക്കിടെ നിരവധി അപകടങ്ങൾ: തമിഴ്‌നാട്ടിൽ ഒരു കുട്ടി മരിച്ചു, 269 പേർക്ക് പരിക്കേറ്റു

ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ തമിഴ്‌നാട്ടിൽ ഒരു കുട്ടി മരിച്ചു. സംസ്ഥാനത്തുടനീളം 269 പേർക്ക് പൊള്ളലേറ്റ് ചികിത്സ തേടേണ്ടി വന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ 7 രാവിലെ 7 മണി മുതൽ നവംബർ 8 രാവിലെ 7 മണിവരെയുള്ള 24 മണിക്കൂറിലെ കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.

08:49 AM (IST) Nov 09

malayalam news live ചികിത്സാ പിഴവ്, വേണു മരിച്ചിട്ട് ഒരുവർഷം: കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ

ചികിത്സാ പിഴവിനെ തുടർന്ന് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം. കൊല്ലം പന്മന സ്വദേശി വേണുവിൻ്റെ കുടുംബമാണ് നീതി തേടുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനാസ്ഥയെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ അഞ്ചിനാണ് വേണു മരിച്ചത്. ചികിത്സാ പിഴവുണ്ടായെന്ന കണ്ടെത്തലിൽ ഒരുവർഷത്തിനിപ്പുറവും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഭാര്യ സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീഴ്ച സമ്മതിച്ച ആരോഗ്യ വകുപ്പ് ആർക്കെതിരെയും നടപടി എടുത്തില്ല. കുറ്റക്കാർക്കെതിരെ ഉടൻ നടപടി വേണമെന്നും സിന്ധു ആവശ്യപ്പെട്ടു. വേണുവിനെ ആദ്യമെത്തിച്ച സിഎച്ച്സി, കൊല്ലം ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ അനാസ്ഥ സമ്മതിക്കുന്നതായിരുന്നു ഡിഎംഇ നിയോഗിച്ച നാലംഗ സമിതിയുടെ കണ്ടെത്തൽ.

08:48 AM (IST) Nov 09

malayalam news live ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ തന്ത്രപ്രധാന കേന്ദ്രമായ ഖഷ്‌മ് ദ്വീപിൽ ആക്രമണം; പിന്നിൽ അമേരിക്കയെന്ന് ഇറാൻ

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തന്ത്രപ്രധാന ഇടമായ ഖെഷ്‌മ് ദ്വീപിലേക്ക് അമേരിക്കൻ സൈന്യം പ്രൊജക്റ്റൈൽ ആക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഖെഷ്‌മ് ദ്വീപിൽ നാലിടങ്ങളിൽ സ്ഫോടനങ്ങളുണ്ടായതായാണ് റിപ്പോർട്ട്. അതേസമയം, ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ അബ്ബാസ്, സിരിക് തുടങ്ങിയ നഗരങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ സൈന്യം നടത്തിയ പ്രതിരോധ നീക്കങ്ങളുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

08:48 AM (IST) Nov 09

malayalam news live സതീശൻ സർക്കാരിന്റെ നിലപാട് മാറ്റം 56 ദിവസത്തിനുള്ളിൽ, സ്വയം ഭരണ കോളേജുകൾക്ക് മാത്രമല്ല എയ്ഡഡ് മേഖലയിലും കൂടുതൽ ഇളവുകൾ വരുന്നു, എതിർക്കാതെ കെ എസ് യു

സംസ്ഥാനത്തെ സ്വയംഭരണ (ഓട്ടോണമസ്) കോളേജുകൾക്ക് പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനും സീറ്റുകൾ വർധിപ്പിക്കുന്നതിനുമായി ഏർപ്പെടുത്തിയിരുന്ന കർശന മാനദണ്ഡങ്ങളിൽ ഇളവുകൾ അനുവദിച്ചത് 56 ദിവസത്തിനുള്ളിൽ. പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിന് മുൻകൂറായി സർക്കാരിന്റെ എൻ ഒ സി നിർബന്ധമാക്കിക്കൊണ്ട് സെപ്റ്റംബർ 11-നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയിരുന്നത്. എന്നാൽ 56 ദിവസത്തിന് ശേഷം, നവംബർ 6-ലെ പുതിയ സർക്കുലറിലൂടെ ഇതിൽ ഇളവ് വരുത്തി സർക്കാർ മുൻ നിലപാട് തിരുത്തുകയായിരുന്നു.