ഉദ്ഘാടനം കഴിഞ്ഞു, 40 കോടിയും ചെലവിട്ടു; എന്നിട്ടും പൂര്‍ത്തിയാകാതെ അതീവ സുരക്ഷാ ജയില്‍

By Web DeskFirst Published May 29, 2018, 5:47 PM IST
Highlights
  • ഉദ്ഘാടനവും 40 കോടിയും ചെലവഴിച്ചു.
  • തുറക്കാത്ത ജയിലിനായി ശമ്പളം പറ്റുന്ന ജീവനക്കാരും.
  • എന്നിട്ടും പണി പൂര്‍ത്തിയാകാതെ അതീവ സുരക്ഷാ ജയില്‍.

തൃശൂർ: യു.ഡി.എഫ് സർക്കാരിന്‍റെ അവസാനകാലത്ത് തിരക്കിട്ട് ഉദ്ഘാടനം ചെയ്ത വിയ്യൂരിലെ അതീവ സുരക്ഷാ ജയിൽ ഇനിയും സജ്ജമായില്ല.  ജയില്‍  ഇപ്പോഴും നിർമ്മാണഘട്ടത്തിലാണിത്.  ഏറ്റവും ഒടുവിൽ സർക്കാരിന്‍റെ രണ്ടാം വാർഷികത്തിന്‍റെ ഭാഗമായി 6.66 കോടി അനുവദിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.  2011 ജൂണ്‍ 17 അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് തറക്കല്ലിട്ട ജയില്‍ 2016 ഫെബ്രുവരിയിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ  ഉദ്ഘാടനം ചെയ്തു.  പകുതി നിർമ്മാണ പ്രവർത്തനങ്ങൾ പോലും പൂർത്തിയാവാതെയായിരുന്നു ഉദ്ഘാടനം. സംസ്ഥാനത്തെ ആദ്യത്തെ അതീവസുരക്ഷാ ജയിലെന്ന പ്രത്യേകത കൂടിയുള്ളതിനാൽ  ദേശീയതലത്തിൽ ശ്രദ്ധനേടിയതായിരുന്നു.  26 കോടിയുടേതായിരുന്നു എസ്റ്റിമേറ്റെങ്കിലും, ഏകദേശം നാൽപത് കോടിയോളമെത്തിയിട്ടും ഇനിയും പണിപാതിവഴിയിലാണ്. 

പ്രവർത്തിച്ച് തുടങ്ങാത്ത ജയലിന്‍റെ പേരിൽ ഉദ്ഘാടന ഘട്ടത്തിൽ അനുവദിച്ച തസ്തികകളിൽ ഇപ്പോഴും ജീവനക്കാർ ശമ്പളം കൈപ്പറ്റുന്നുണ്ട്.  800 തടവുകാരെ പാര്‍പ്പിക്കാനാകുന്ന 192 മുറികളും ആശുപത്രിയും ക്വാര്‍ട്ടേഴ്‌സുമടങ്ങുന്ന ആധുനീക രീതിയിലുള്ള സംവിധാനങ്ങളുള്ള സമുച്ചയമാണ് അതീവ സുരക്ഷാ ജയിൽ. ഇതിനിടയിൽ ജയിൽ സിനിമാ നിർമ്മാണത്തിന് വിട്ടു നൽകിയതും, കോടികൾ ചിലവിടുന്ന നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്നും കാണിച്ച് മുൻ ഡി.ജി.പിമാർ തന്നെ റിപ്പോർട്ട് നൽകിയിരുന്നു.  ക്രമക്കേട് ആരോപണത്തിൽ ഉന്നതോദ്യോഗസ്ഥരടക്കമുള്ളവർ സംശയ നിഴലിലാണ്. ഇതിൽ അന്വേഷണം നടക്കുകയാണ്. നൂറ് വയസ് പിന്നിട്ട വിയ്യൂർ ജയിൽ പാർപ്പിക്കുന്നതിന്‍റെ ഇരട്ടിയോളം തടവുകാരെ കൊണ്ട് ഇപ്പോള്‍തന്നെ വീർപ്പുമുട്ടുമ്പോഴാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും അതീവ സുരക്ഷാ ജയിൽ സജ്ജമാകാതെ നില്‍ക്കുന്നത്.  

click me!