
ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികലയുടെ കുടുംബാംഗങ്ങളുടെ വീട്ടിലും ജയാ ടിവി ഓഫീസിലും ഉള്‍പ്പടെ ആദായനികുതിവകുപ്പിന്‍റെ രാജ്യവ്യാപക റെയ്ഡ്. മണ്ണാര്‍ഗുഡി കുടുംബത്തിന്‍റെ ജാസ് സിനിമാസ് ഉള്‍പ്പടെ 187 ഇടങ്ങളിലാണ് ഓപ്പറേഷന്‍ ക്ലീന്‍ മണി എന്ന് പേരിട്ടിരിയ്‌ക്കുന്ന പരിശോധന. വിദേശത്തേയ്‌ക്ക് ഇല്ലാക്കമ്പനികളുടെ പേരില്‍ പണം കടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡുകള്‍ നടത്തുന്നതെന്ന് ആദായനികുതിവകുപ്പ് സ്ഥിരീകരിച്ചു.
രാവിലെ ആറരയോടെ ജയാ ടിവി ഓഫീസിലാണ് എട്ട് ആദായനികുതിവകുപ്പുദ്യോഗസ്ഥര്‍ ആദ്യമെത്തിയത്. ന്യൂസ് ഡസ്കിലെത്തിയ ഉദ്യോഗസ്ഥര്‍ ഓഫീസ് ജീവനക്കാരെ വിളിച്ചുവരുത്താനാവശ്യപ്പെട്ടു. അതേസമയം തന്നെ ശശികലയുടെ സഹോദരി ഇളവരശിയുടെ മകന്‍ വിവേകിന്‍റെ ഉടമസ്ഥതയിലുള്ള ജാസ് സിനിമാസിന്‍റെ ഓഫീസിലും സഹോദരി കൃഷ്ണപ്രിയയുടെ വീട്ടിലും ശശികലയുടെ മണ്ണാര്‍ഗുഡിയിലെ തറവാടുവീട്ടിലും സഹോദരന്‍ ദിവാകരന്‍റെ തഞ്ചാവൂരിലുള്ള വീട്ടിലും ദിനകരന്‍റെ പോണ്ടിച്ചേരിയിലെ ഫാംഹൗസിലും കൊടനാട് എസ്റ്റേറ്റിലും ഇതുമായി ബന്ധപ്പെട്ട നീലഗിരിയിലെ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലും പരിശോധനകള്‍ തുടങ്ങി.
മണ്ണാര്‍ഗുഡി കുടുംബവുമായി ബന്ധപ്പെട്ട 187 ഇടങ്ങളില്‍ നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് റെയ്ഡ് തുടരുന്നത്. ശശികലയുടെ ഉടമസ്ഥതയിലുള്ള മൂന്നെണ്ണമുള്‍പ്പടെ എട്ട് വ്യവസായഗ്രൂപ്പുകള്‍ക്കെതിരെ റെയ്ഡ് നടക്കുന്നുണ്ട്. പാരഡൈസ് പേപ്പേഴ്‌സ് കൂടി പുറത്തുവന്ന സാഹചര്യത്തില്‍ വിദേശത്തേയ്‌ക്ക് ഇല്ലാക്കമ്പനികളുടെ പേരില്‍ പണം കടത്തി നികുതിവെട്ടിച്ചതിനെക്കുറിച്ചാണ് പരിശോധന. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഉള്‍പ്പെട്ടതല്ലാതെ പുതിയ കമ്പനികള്‍ ശശികല കുടുംബം തുടങ്ങിയിട്ടുണ്ടോ എന്നതുള്‍പ്പടെ പരിശോധനയ്‌ക്ക് വിധേയകമാകുന്നുണ്ട്. എന്നാല്‍ റെയ്ഡ് കാട്ടി ഭയപ്പെടുത്താനാകില്ലെന്നായിരുന്നു ടിടിവി ദിനകരന്‍റെ പ്രതികരണം. ഇതിനിടെ റെയ്ഡുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കരുതെന്ന് ജയ ടിവിയിലെ മാധ്യമപ്രവര്‍ത്തകരോട് ഐ ടി വകുപ്പുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam