സര്‍ക്കാരിൽ പൗരൻമാര്‍ക്ക് വിശ്വാസമുള്ള രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്

By Web DeskFirst Published Jan 29, 2018, 11:16 AM IST
Highlights

സര്‍ക്കാരിൽ പൗരൻമാര്‍ക്ക് വിശ്വാസമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്‌ക്ക് മൂന്നാം സ്ഥാനം. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യ ഒന്നാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യക്കാരുടെ സര്‍ക്കാരിലുള്ള വിശ്വാസം ട്രസ്റ്റ് ഇന്‍ഡക്‌സ് പോയിന്റ് പ്രകാരം 100ൽ 68 ആണ്. 100ൽ 74 പോയിന്റുള്ള ചൈനയാണ് ഒന്നാം സ്ഥാനത്ത്. 71 പോയിന്റുള്ള ഇന്ത്യോനേഷ്യയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 72 പോയിന്റോടെ ഇന്ത്യ ഒന്നാമതും 69 പോയിന്റോടെ ഇന്തോനേഷ്യ രണ്ടാമതും 67 പോയിന്റോടെ ചൈന മൂന്നാം സ്ഥാനത്തുമായിരുന്നു. നോട്ടു നിരോധനം, ജിഎസ്‌ടി, ഇന്ധനവിലവര്‍ദ്ധന എന്നിവ മൂലമാണ് ഇന്ത്യൻ സര്‍ക്കാരിൽ പൗരൻമാര്‍ക്ക് നേരിയ വിശ്വാസക്കുറവ് ഉണ്ടായതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഇന്ത്യൻ സര്‍ക്കാരിലുള്ള പൗരൻമാരുടെ വിശ്വാസത്തിന് അൽപ്പം ഇടിവുണ്ടായപ്പോള്‍ ചൈനീസ് സര്‍ക്കാരിൽ അവിടുത്തെ പൗരൻമാരുടെ വിശ്വാസം കൂടുകയും ചെയ്തു. ലോക എക്കണോമിക് ഫോറം സമ്മേളനം നടന്ന ഡാവോസിൽ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരമാണിത്. സര്‍ക്കാര്‍, മീഡിയ, എൻജിഒ, ബിസിനസ് എന്നിവയിലുള്ള വിശ്വാസം കൂടി കണക്കിലെടുത്താണ് ഗ്ലോബൽ ട്രസ്റ്റ് ഇൻഡക്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

പ്രമുഖ കമ്മ്യൂണിക്കേഷൻ മാര്‍ക്കറ്റിങ് സ്ഥാപനമായ ഏദൽമാനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ട്രസ്റ്റ് ഇൻഡക്‌സിൽ ചൈനീസ് സര്‍ക്കാര്‍ കൂടുതൽ വിശ്വാസമാര്‍ജ്ജിച്ചപ്പോള്‍ ട്രംപ് നേതൃത്വം നൽകുന്ന അമേരിക്കൻ ഭരണകൂടത്തിൽ അവിടുത്തെ ജനതയ്‌ക്കുള്ള വിശ്വാസത്തിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍, മീഡിയ, എൻജിഒ, ബിസിനസ് എന്നിവയുടെ ട്രസ്റ്റ് ഇൻഡക്‌സിൽ ഇന്ത്യയിൽ 13 പോയിന്റിന്റെ കുറവുണ്ടായിട്ടുണ്ട്. ഈ നാലു മേഖലകളിൽ ഏറ്റവും വിശ്വാസം കുറവുള്ളത് മീഡിയയ്‌ക്കാണ് 61 ആണ് മീഡിയയ്‌ക്ക് ഇന്ത്യയിൽ ലഭിക്കുന്ന ട്രസ്റ്റ് ഇന്‍ഡക്‌സ്.

click me!