
വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന് കാവലൊരുക്കുന്നത് ഇന്ത്യക്കാരനായ ഒരു മുസല്‍മാനാണ്. പേര് ജാവേദ് ഖാന്‍. മതവും രാഷ്ട്രീയവും ചേര്‍ന്ന് സമൂഹത്തെ അസഹിഷ്ണുതയിലേക്കു നയിക്കുന്ന കാലത്താണ് മുബൈ സ്വദേശിയായ ലഫ്‍നന്‍റ് ജാവേദ് ഖാന്‍ ക്ഷേത്രത്തിനു കാവലൊരുക്കി ശ്രദ്ധേയനാകുന്നത്. യു എസിലെ ഇന്ത്യാനപോളിസില്‍ പോലീസ് ഉദ്യോഗസ്ഥനാണ് ജാവേദ്. ഇവിടുത്തെ ഹിന്ദുക്ഷേത്രത്തിന്റെ സുരക്ഷാ വിഭാഗം തലവനും.
തൈക്കാണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റ് ജേതാവും ബോക്‌സിംഗ് ചാംപ്യനുമായ ജാവേദ് മുംബൈയില്‍ ജനിച്ച് പൂനെയിലാണ് വളര്‍ന്നത്. 1986ലാണ് ആദ്യമായി അമേരിക്കയിലെത്തുന്നത്. ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാനായിരുന്നു ആദ്യ വരവ്. പിന്നീട് അവിടെ പൊലീസ് ഉദ്യോഗസ്ഥനായി. 2001 മുതല്‍ അമേരിക്കയില്‍ സ്ഥിര താമസം.
ദിവസം നാനൂറിലധികം ഭക്തജനങ്ങള്‍ എത്തുന്ന ക്ഷേത്രത്തിന്‍റെ സുരക്ഷാ വിഭാഗം തലവനാണ് ഏറെക്കാലമായി ജാവേദ് ഖാന്‍. ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സുരക്ഷാ ചുമതല ചോദിച്ചു വാങ്ങുകയായിരുന്നു ഇദ്ദേഹം. അങ്ങനെ ഡെപ്യൂട്ടേഷനില്‍ ക്ഷേത്രത്തിന്‍റെ സുരക്ഷാ വിഭാഗം ഡയറക്ടറായി. ഇവിടുത്തെ കുംഭാഭിഷേകം പ്രശസ്തമായ ആഘോഷമാണ്. രാഷ്ട്രീയ നേതാക്കളടക്കം നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന കുംഭാഭിഷേകത്തിന്‍റെ സുരക്ഷാ ചുമതല ഖാന്റെ നേതൃത്വത്തിലാണ്. സംസ്ഥാനത്തിന്‍റെ തന്ത്രപ്രധാന പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
എല്ലാ ഞായറാഴ്ചകളിലും വെള്ളിയാഴ്ചകളിലും ജാവേദ് ഖാന്‍ ക്ഷേത്രത്തിലെത്തും. എല്ലാവരും ദൈവത്തിന്റെ മക്കളാണ്, പല പേരുകളിലും അറിയപ്പെടുന്നുണ്ടെങ്കിലും ദൈവം ഒന്നേ ഉള്ളുവെന്ന് ജാവേദ് പറയുന്നു. എന്റെ ജോലി മാത്രമാണ് ഞാന്‍ ചെയ്യുന്നത് അതില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് കരുതുന്നില്ല. ഞാന്‍ ഇന്ത്യക്കാരനാണ്. എന്റെ കുടുംബത്തിലെ ചിലര്‍ ഹിന്ദുമതത്തിലും ചിലര്‍ ഇസ്ലാം മതത്തിലും വിശ്വസിക്കുന്നു. എല്ലാ ആഴ്ചയിലും ക്ഷേത്ര പരിസരത്തെത്തുമ്പോള്‍ തനിക്ക് ഇന്ത്യയിലെത്തിയ പ്രതീതിയാണെന്നും ജാവേദ് പറയുന്നു.
ജാവേദ് ഖാന്റെ സേവനത്തില്‍ ക്ഷേത്ര ഭരണ സമിതിയും വിശ്വാസികളും ഒരേപോലെ സന്തോഷത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam